ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഎം മത്സരിച്ച ജയിച്ച കോയമ്പത്തൂരില്‍ അടുത്ത തവണ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ഹാസന്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോയമ്പത്തൂരില്‍ നിന്ന് മത്സരിക്കുമെന്നാണ് അദേഹം ഇന്നലെ അറിയിച്ചിരിക്കുന്നത്.അവിടെ നിന്നു മത്സരിക്കാന്‍ തയാറാണെന്നും എന്നാല്‍, ഏതു മുന്നണിയുടെ ഭാഗമാകണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും പാര്‍ട്ടി യോഗത്തിനു ശേഷം അദ്ദേഹം പറഞ്ഞു. പാര്‍ട്ടി പ്രതിനിധി ഒരു മണ്ഡലത്തില്‍ മാത്രമേ മല്‍സരിക്കുന്നുള്ളൂവെങ്കിലും 40 മണ്ഡലങ്ങളിലും പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡിഎംകെയോട് അടുപ്പം പുലര്‍ത്തുന്ന കമല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇതേ മുന്നണിക്കൊപ്പം ചേര്‍ന്നു മത്സരിക്കാനാണു നീക്കം.കഴിഞ്ഞ തവണ ഡിഎംകെ നയിക്കുന്ന മുന്നണിയുടെ ഭാഗമായ സിപിഎം പ്രതിനിധി പി.രാമസ്വാമി നടരാജനാണു നിലവില്‍ കോയമ്പത്തൂരില്‍ നിന്നുള്ള എംപി. കമല്‍ ഹാസന്‍ മത്സരിക്കാന്‍ തയാറായാല്‍ ഈ സീറ്റു സിപിഎമ്മില്‍ നിന്നും ഡിഎംകെ ഏറ്റെടുത്ത് മക്കള്‍ നീതി മയ്യത്തിന് കൈമാറിയേക്കും.

ഡിഎംകെക്കൊപ്പമുണ്ടായിരുന്ന ഇന്ത്യ ജയനായക കക്ഷി (ഐജെകെ) നേതാവും എംപിയുമായ ടി.ആര്‍.പാരിവേന്ദര്‍ എന്‍ഡിഎ സഖ്യത്തിലേക്കു പോകാനുള്ള നീക്കത്തിലാണ്. ഇതോടെ ഒഴിവു വരുന്ന സീറ്റ് കമലിനു നല്‍കുമെന്നാണു വിലയിരുത്തല്‍. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബേിജെപിയുടെ വാനതി ശ്രീനിവാസനോട് വെറും 1728 വോട്ടുകള്‍ക്കാണ് കമല്‍ ഹാസന്‍ കോയമ്പത്തൂരില്‍ പരാജയപ്പെട്ടത്.













