തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിന് ധോനിക്കെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്ത് മുൻ ബിസിനസ് പങ്കാളികള്‍

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോനിക്കെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്ത് മുൻ ബിസിനസ് പങ്കാളികള്‍.മിഹിര്‍ ദിവാകര്‍ ഇയാളുടെ ഭാര്യ സൗമ്യ ദാസ് എന്നിവരാണ് ധോനിക്കെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. തെറ്റായ വിവരങ്ങള്‍ നല്‍കിയതിനു സാമൂഹിക മാധ്യമങ്ങള്‍, ചില മാധ്യമ സ്ഥാപനങ്ങള്‍ എന്നിവയ്ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.

ആര്‍ക്ക സ്പോര്‍ട്സ് ആൻഡ് മാനേജ്മെന്റ് എന്ന സ്ഥാപന ഉടമകളാണ് മിഹിര്‍ ദിവാകറും സൗമ്യ ദാസും. 15 കോടി രൂപയുടെ സാമ്ബത്തിക തട്ടിപ്പ് നടത്തിയെന്നു കാണിച്ച്‌, ഇവര്‍ക്കെതിരെ ധോനി പരാതി നല്‍കിയിരുന്നു. റാഞ്ചിയിലെ കോടതിയിലാണ് ഇവര്‍ക്കെതിരെ ധോനി കേസ് ഫയല്‍ ചെയ്തത്. 2017ല്‍ ഒപ്പുവച്ച ബിസിനസ് ഉടമ്ബടി കമ്ബനി ലംഘിച്ചെന്നായിരുന്നു ധോനിയുടെ പരാതി.

ഇന്ത്യയിലും വിദേശത്തും ധോനിയുടെ പേരില്‍ ക്രിക്കറ്റ് അക്കാദമികള്‍ ആരംഭിക്കാനായാണ് ഇരു കക്ഷികളും തമ്മില്‍ 2017ല്‍ ധാരണയായത്. പലയിടത്തും ക്രിക്കറ്റ് അക്കാദമികള്‍ തുടങ്ങിയ കമ്ബനി, കരാര്‍ പ്രകാരമുള്ള ലാഭ വിഹിതം ധോനിക്ക് നല്‍കിയില്ല. പലയിടത്തും താരത്തിന്റെ അറിവില്ലാതെയാണ് അക്കാദമികള്‍ ആരംഭിച്ചത്. ഇതോടെ 2021 ഓഗസ്റ്റ് 15ന് കരാറില്‍ നിന്ന് പിൻവാങ്ങിയതായും പരാതിയില്‍ പറയുന്നു.

കരാറില്‍ നിന്ന് ധോനി പിൻവാങ്ങിയിട്ടും താരത്തിന്റെ പേരില്‍ വീണ്ടും സ്പോര്‍ട്സ് കോംപ്ലക്സുകളും അക്കാദമികളും ആരംഭിക്കുകയും ഇക്കാര്യം മറച്ചുവയ്ക്കാൻ ശ്രമിക്കുകയും ചെയ്തു. കരാര്‍ ലംഘനത്തിലൂടെ ധോനിക്ക് 15 കോടി രൂപയുടെ നഷ്ടമുണ്ടായതായി പരാതിയില്‍ പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *