കാട്ടുതീ: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി വനം വകുപ്പ്


സംസ്ഥാനത്ത് കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വനം വകുപ്പ് ഊര്‍ജിതമാക്കിയതായി മന്ത്രി എ.കെ ശശീന്ദ്രന്‍. കാട്ടുതീ ഉണ്ടാകാനുള്ള സാധ്യതയുടെ അടിസ്ഥാനത്തില്‍ സ്റ്റേഷന്‍, റേയ്ഞ്ച്, ഡിവിഷന്‍, സര്‍ക്കിള്‍ തലങ്ങളില്‍ ഫയര്‍ മാനേജ്‌മെന്റ് പ്ലാനുകള്‍ തയ്യാറാക്കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി വരികയാണ്. സര്‍ക്കിള്‍ തല ഫയര്‍ മാനേജ്‌മെന്റ് പ്ലാനുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന തലത്തില്‍ കാട്ടുതീ പ്രതിരോധിക്കാനായി സ്‌റ്റേറ്റ് ഫയര്‍ മാനേജ്‌മെന്റ് പ്ലാനും തയ്യാറാക്കിയിട്ടുണ്ട്. കാട്ടുതീ ഉണ്ടായാല്‍ വിവിധ തലങ്ങളില്‍ അനുവര്‍ത്തിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തി ഒരു സ്‌റ്റേറ്റ് ആക്ഷന്‍ പ്ലാനും തയ്യാറാക്കിയിട്ടുണ്ട്.


കാട്ടുതീ സാധ്യത കൂടിയ പ്രദേശങ്ങള്‍ കണ്ടെത്തി ഇതിനോടകം കണ്‍ട്രോള്‍ ബര്‍ണിംഗ് പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഫയര്‍ ഗ്യാങ്ങുകള്‍, ഫയര്‍ വാച്ചര്‍മാര്‍, വി.എസ്.എസ് / ഇ.ഡി.സി അംഗങ്ങള്‍, ഫയര്‍ വാച്ചര്‍മാര്‍ എന്നിവയില്‍ 3000-ത്തില്‍ പരം പേരെ കാട്ടുതീ നിരീക്ഷണ/ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏകദേശം 1120 കി.മീ ദൂരത്തില്‍ ഫയര്‍ ലൈനുകളും 2080 കി.മീ നീളത്തില്‍ ഫയര്‍ ബ്രേക്കുകളും തെളിക്കുകയും 6100 ഹെക്ടര്‍ വന പ്രദേശത്ത് കണ്‍ട്രോള്‍ ബര്‍ണിങ് നടത്തുകയും ചെയ്തു.




Sharing is Caring