വി പി ജോയി
കൊച്ചി: മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ ആദ്യമായി ബാര്‍ക്ക് റേറ്റിങ്ങില്‍ ഏഷ്യാനെറ്റ് രണ്ടാമത്. വര്‍ഷങ്ങളായുള്ള ഏഷ്യാനെറ്റിന്റെ കുത്തക തകര്‍ത്താണ് 24 ന്യൂസ് ഒന്നാമത്തെിയത്. കഴിഞ്ഞ ആഴ്ചയിലെ ബാര്‍ക്ക് റേറ്റിങ്ങില്‍ ഏഷ്യാനെറ്റ് ന്യൂസിന് 147 പോയിന്റ് നേടിയപ്പോള്‍, 24 ന്യൂസ് 150 പോയിന്റുമായി ഒന്നാമതെത്തി.


ശ്രീകണ്ഠന്‍ നായര്‍ നേതൃത്വം നല്‍കുന്ന 24 ന്യൂസ് ഇതോടെ ചരിത്രം കുറിച്ചിരിക്കയാണ്. ഏഷ്യാനെറ്റിന്റെ കുത്തക തകര്‍ക്കണമെന്ന ശ്രീകണ്ഠന്‍ നായരുടെയും കൂട്ടുരുടെയും ചിരകാല അഭിലാഷമാണ് നടപ്പായിരിക്കുന്നത്. വയനാട് പ്രളയദുരന്തത്തില്‍ ഇടതടവില്ലാതെ നടത്തിയ പ്രവര്‍ത്തനമാണ് 24 ന്യൂസിനെ മുന്നിലെത്തിച്ചത്. ടിആര്‍പിയില്‍ വന്‍ മുന്നേറ്റമാണ് ഡോ അരുണ്‍കുമാര്‍ നയിക്കുന്ന റിപ്പോര്‍ട്ടര്‍ ചാനലും നടത്തുന്നത്. മൂന്നാം സ്ഥാനത്തേക്ക് എത്തിയ റിപ്പോര്‍ട്ടര്‍ ടിവി 116 പോയിന്റ് നേടി.

മനോരമ ന്യൂസിനും മാതൃഭൂമി ന്യൂസിനും ബാര്‍ക്കില്‍ വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. നാലാം സ്ഥാനത്ത് എത്തിയ മനോരമയ്ക്ക് കേവലം 77 പോയിന്റുകള്‍ മാത്രമാണ് നേടാനായത്. 72 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് എത്തിയിരിക്കുന്നത്.ആറാം സ്ഥാനത്ത് സിപിഎം നിയന്ത്രണത്തിലുള്ള കൈരളി ന്യൂസാണ്. 26 പോയിന്റുകള്‍ നേടാനെ കൈരളിക്ക് സാധിച്ചിട്ടുള്ളൂ. സംഘപരിവാര്‍ അനുകൂല ചാനലായ ജനം ടിവിക്ക് ഇക്കുറി ടിആര്‍പിയില്‍ വന്‍ വീഴ്ച്ചയാണ് ഉണ്ടായിരിക്കുന്നത്. പതിവായി ഏഴാം സ്ഥാനം പങ്കിടാറുള്ള ജനത്തിന് ഇക്കുറി ആസ്ഥാനം നഷ്ടമായി. ന്യൂസ് 18 മലയാളമാണ് 24 പോയിന്റുമായി ഇക്കുറി ഏഴാം സ്ഥനത്ത് നില്‍ക്കുന്നത്. ബാര്‍ക്ക് റേറ്റില്‍ ഏറ്റവും പിന്നില്‍ ഇത്തവണ ജനം ടിവിയാണ്. 21 പോയിന്റുമായി എട്ടാം സ്ഥാനത്ത് എത്താന്‍ മാത്രമെ ജനം ടിവിക്കായുള്ളൂ.
പുതിയ ബാര്‍ക്ക് റേറ്റിങ്ങ് വലിയ ഞെട്ടലാണ്, ടെലിവിഷന്‍ മേഖലയില്‍ ഉണ്ടായിരിക്കുന്നത്. പരസ്യ താരിഫ് അടക്കമുള്ള കാര്യങ്ങള്‍ ഈ റേറ്റിങ്ങ് വെച്ചാണ് നിശ്ചയിക്കപ്പെടുന്നത്. നേരത്തെ ശബരിമല സമരക്കാലത്താണ് ഇതുപോലെ ഒരു അട്ടിമറി കണ്ടത്. അന്ന് ബാര്‍ക്ക് റേറ്റിങ്ങില്‍ 8ാം സ്ഥാനത്തായിരുന്നു ജനം ടീവി, നേരെ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. പക്ഷേ അപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് തന്നെയായിരുന്നു ഒന്നാമത്.
പ്രേക്ഷകര്‍ ന്യൂസ് ചാനലുകള്‍ കൂടുതലായി കാണുന്ന ഇലക്ഷന്‍ഫലം, പ്രകൃതി ദുരന്തങ്ങള്‍ തുടങ്ങിയവയുടെ സമയത്ത്, വരുന്ന റേറ്റിങ്ങുകള്‍ ടെലിവിഷന്‍ രംഗത്തെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. ഓഗ്‌മെന്റഡ് റിയാലിറ്റി അടക്കമുള്ള അത്യാധുനിക സാങ്കേതിക വിദ്യകളുമായി വന്ന 24 ന്യൂസ്, ഏഷ്യാനെറ്റിന്റെ കുത്തക തകര്‍ത്തത്, ന്യൂസ് ജേര്‍ണലിസ്റ്റുകളിലും വലിയ അമ്പരപ്പാണ് ഉണ്ടാക്കുന്നത്. ഇതോടെ ചാനല്‍ മത്സരവും ഒന്നുകൂടി കൊഴുക്കാനുള്ള സാധ്യതയുണ്ട്.













