അസമില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ള പൊക്കത്തിലും മണ്ണിടിച്ചിലിലും കനത്ത നാശനഷ്ടം.

അസമില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ള പൊക്കത്തിലും മണ്ണിടിച്ചിലിലും കനത്ത നാശനഷ്ടം. സംസ്ഥാനത്ത് 9 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. 7 ലക്ഷത്തിലധികം ആളുകളെയാണ് പ്രളയം ബാധിച്ചത്.അസമില്‍ പ്രളയക്കെടുതി അതിരൂക്ഷമായി തുടരുകയാണ്. വെള്ള പൊക്കത്തിലും മണ്ണിടിച്ചിലും ഇതുവരെ 9 പേര്‍ മരിച്ചു . നാല്‍പ്പത്തി എണ്ണായിരത്തിലധികം ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. 29 ജില്ലകളിലായി 7 ലക്ഷത്തിലധികം ആളുകള്‍ പ്രളയത്തില്‍ ദുരിതത്തിലായി.
നിലവില്‍ 1413 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാണെന്ന് അസം ദുരന്ത നിവാരണ അതോറിറ്റി. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണം റെയില്‍, റോഡ് ഗതാഗതം തടസപ്പെട്ട ദിമ ഹസാവോ ജില്ലയില്‍ സ്ഥിതി അതീവ ഗുരുതരമാണ്. പ്രളയം ബാധിച്ച ജില്ലകളില്‍ ആവശ്യ സാധനങ്ങളുടെ വിതരണവും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പുവരുത്താന്‍ വ്യോമസേനയുടെ സഹായം തേടുകയും ചെയ്തു.

സില്‍ച്ചാറിനും ഗുവാഹത്തിക്കുമിടയില്‍ 3000 രൂപ നിരക്കില്‍ അടിയന്തര വിമാന സര്‍വീസ് ഏര്‍പ്പെടുത്താന്‍ അസം മന്ത്രിസഭ തീരുമാനിച്ചു. വെള്ളപ്പൊക്ക സാഹചര്യം കണക്കിലെടുത്ത് കച്ചാര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 48 മണിക്കൂര്‍ അവധി പ്രഖ്യാപിച്ചു. അസമിലും അയല്‍ സംസ്ഥാനമായ മേഘാലയയിലും അടുത്ത രണ്ട് ദിവസങ്ങളില്‍ അതിശക്തമായ മഴയുണ്ടാവുമെന്നാണ് കാലാവസ്ഥാ പ്രവചനം.
മഴ തുടരുകയാണെന്നും സ്ഥിതി കൂടുതല്‍ വഷളാകുമെന്നും ജലവിഭവ മന്ത്രി പിജൂഷ് ഹസാരിക പ്രതികരിച്ചു. അതെ സമയം അസ്സമിലെ പ്രളയബാധിത പ്രദേശത്ത് കെടുതികള്‍ വിലയിരുത്താനെത്തിയ ബിജെപി എംഎല്‍എ രക്ഷാപ്രവര്‍ത്തകന്റെ പുറത്തുകയറി യാത്രചെയ്തത് വിവാദത്തിലായി. ലുംഡിങ് നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ സിബു മിശ്രയ്‌ക്കെതിരേയാണ് വിമര്‍ശനമുയരുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *