പറവൂര്‍: കുട്ടികള്‍ക്ക് കൊടുക്കുവാനായി ബേക്കറിയില്‍ നിന്നുവാങ്ങിയ ഫൈവ് സ്റ്റാര്‍ ചോക്ലേറ്റില്‍ മനുഷ്യന്റെ പല്ലു കണ്ടെത്തിയതായി പരാതി.
ഇളന്തിക്കര തൈക്കൂട്ടത്തില്‍ വീട്ടില്‍ ആന്‍സണ്‍ ആണ് പരാതിക്കാരന്‍.ഏതാനും ദിവസംമുമ്പ് പുത്തന്‍വേലിക്കരയിലെ ഇ കെ ഓവണ്‍ഫ്രഷ് ബേക്കറിയില്‍ നിന്നാണ് ചോക്കലേറ്റ് വാങ്ങിയത്.

വീട്ടില്‍ അതിഥികളായി എത്തിയ ബന്ധുക്കളുടെ കുട്ടികള്‍ക്കായി പത്ത് ഫൈവ് സ്റ്റാര്‍ ചോക്ലേറ്റുകളാണ് വാങ്ങിയത്. ഇതില്‍ ഒന്നിലാണ് മനുഷ്യന്റെ പല്ലുകണ്ടെത്തിയത്.പല്ലിന്റെ ഒരുഭാഗം ദ്രവിച്ച നിലയിലാണ്. തുടര്‍ന്ന് ആന്‍സണ്‍ കമ്പനി കസ്റ്റമര്‍ കെയറില്‍ ബന്ധപ്പെട്ടെങ്കിലും ഹിന്ദിയിലോ ഇംഗ്ലീഷില്ലോ സംസാരിക്കാനാണ് മറുപടി കിട്ടിയത്.
എന്നാല്‍ ഏതാനും ദിവസത്തിനുള്ളില്‍ കമ്പനിയില്‍ നിന്നുള്ള ഉദ്യോഗസ്ഥന്‍ ആന്‍സന്റെ വീട്ടിലെത്തി ചോക്ലേറ്റ് തിരിച്ചു നല്‍കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആന്‍സണ്‍ ചോക്ലേറ്റ് തിരിച്ചു നല്‍കാന്‍ തയാറായില്ല. പല്ലടങ്ങിയ ചോക്ലേറ്റ് വീട്ടിലെ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പുത്തന്‍വേലിക്കര പൊലിസിലും ഗ്രാമ പഞ്ചായത്തിലും ഉപഭോക്തൃ കോടതിയിലും ഇതുസംബന്ധിച്ചു കേസ് നൽകിയിട്ടുണ്ട് .













