
പാലാ പൂവരണിയിൽ പിഞ്ചു കുഞ്ഞടക്കം ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെത്തി. അകലകുന്നം ഞണ്ടുപാറ സ്വദേശി ജെയ്‌സൺ തോമസിനേയും ഭാര്യയെയും മൂന്നു മക്കളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയേയും മക്കളേയും വെട്ടിക്കൊന്നശേഷം ജെയ്‌സൺ ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.
അകലകുന്നം ഞണ്ടുപാറ സ്വദേശി ജയ്സൺ തോമസ് (44), ഭാര്യ മെറീന (28), മക്കളായ ജെറാൾഡ് (4), ജെറീന (2), ജെറിൻ (7 മാസം ) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം പുറത്തറിയുന്നത്. വീടിനുള്ളിൽ കട്ടിലിൽ വെട്ടേറ്റ് രക്തം വാർന്ന നിലയിലായിരുന്നു ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും മൃതദേഹം. ജെയ്സണെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഇയാൾ ഒരു വർഷത്തോളമായി പൂവരണി കൊച്ചുകൊട്ടാരം ഭാഗത്ത് വാടകയ്‌ക്ക് താമസിക്കുകയായിരുന്നു. റബർ ഫാക്ടറിയിലെ ഡ്രൈവറാണ് ഇയാൾ. പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.

