യുഎസ് ഫെഡറല്‍ റിസേര്‍വിന്റെ ആദ്യ വനിതാ മേധാവി ജാനറ്റ് യെല്ലെന്‍

janetവാഷിങ്ടണ്‍: അമേരിക്കയുടെ റിസര്‍വ് ബാങ്ക് എന്നു വിശേഷിപ്പിക്കുന്ന ഫെഡറല്‍ റിസര്‍വിന്റെ ചെയര്‍പേഴ്‌സണായി ജാനറ്റ് യെല്ലെന്‍ ഫെബ്രവരിയില്‍ ചുമതലയേല്‍ക്കും. ജാനറ്റിന്റെ നിയമനത്തിന് യുഎസ് സെനറ്റ്
അംഗീകാരം നല്‍കി. ഇതോടെ യുഎസ് ഫെഡറല്‍ റിസേര്‍വിന് മേധാവിയായെത്തുന്ന ആദ്യ വനിതയാണ് ജാനറ്റ് യെല്ലെന്‍. നിലവിലുള്ള ചെയര്‍മാന്‍ ബെന്‍ ബെര്‍ണാങ്കെ ഈ മാസം 31നു സ്ഥാനമൊഴിയും.
ലോകത്തിലെ ഏറ്റവും ശക്തമായ കേന്ദ്ര ബാങ്കിന്റെ 100 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത തലപ്പത്ത് എത്തുന്നത്. ഇപ്പോള്‍ ഫെഡിന്റെ ഉപാധ്യക്ഷയാണ്. സാമ്പത്തിക മാന്ദ്യത്തില്‍പ്പെട്ട അമേരിക്കന്‍
സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനു ജാനറ്റിന്റെ സംഭാവന വളരെ നിര്‍ണായകമായിരുന്നു.
ജാനറ്റിന് അനുകൂലമായി സെനറ്റില്‍ 26 നെതിരേ 56 വോട്ടു ലഭിച്ചു. ശക്തമായ ശീതത്തെത്തുടര്‍ന്ന് സെനറ്റില്‍ ഒട്ടേറെപ്പേര്‍ ഹാജരായില്ല. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ 11 പേര്‍ ജാനറ്റിനെ പിന്തുണച്ചു. അമേരിക്കയുടെ ഏറ്റവും
ആദരണീയായ സാമ്പത്തികവിദഗ്ധ എന്നാണ് ജാനറ്റ് യെല്ലെനെ പ്രസിഡന്റ് ബറാക് ഒബാമ വിശേഷിപ്പിച്ചത്.
ജാനറ്റ് യെല്ലെനെ ഫെഡ് റിസര്‍വ് മേധാവിയാക്കുന്നതിലൂടെ ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും തങ്ങളുടെ തൊഴിലും ജീവിത നിലവാരവും മെച്ചപ്പെടുത്താന്‍ സഹായിച്ച സാമ്പത്തിക, ധനകാര്യ നയനിര്‍മാതാവിനെയാണു ലഭിക്കുന്നത്.
ഫെഡറല്‍ റിസര്‍വിനെ അച്ചടക്കം, ദൃഢനിശ്ചയം, വൈദഗ്ധ്യം എന്നിവയുടെ അസാധാരണമായ തലത്തിലൂടെ നയിക്കാന്‍ ജാനറ്റിനു കഴിയും. വളരെവര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള ജാനറ്റ് യെല്ലെന്റെ സുരക്ഷിതമായ കൈകളില്‍ വളരെ വലിയ ഉത്തരവാദിത്വങ്ങളാണുള്ളതെന്നു യുഎസ് ട്രഷറി സെക്രട്ടറി ജേക്കബ് ല്യൂ പറഞ്ഞു.

 

Leave a Reply

Your email address will not be published.