പത്തനാപുരം: ഇത് കലികാലം! ഉടമയെ തിരിച്ചറിയാല്‍ പശുക്കളിലും ഡിഎന്‍എ ടെസ്റ്റ്! കൊല്ലം പത്തനാപുരത്താണ് കേട്ടുകേള്‍വിയില്ലാത്ത ഈ സംഭവം. പശുവിനെ മോഷ്ടിച്ചെന്ന പരാതിയെ തുടര്‍ന്ന് ഉടമയെ കണ്ടെത്താന്‍ കോടതി ഉത്തരവ് പ്രകാരമാണ് പശുക്കള്‍ക്ക് ഡിഎന്‍എ ടെസ്റ്റ് നടത്തുന്നത്. രക്തസാമ്പിളുകള്‍ തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്ററിലേക്കയച്ചു.
തന്റെ പശുക്കിടാവിനെ തട്ടിയെടുത്തെന്നാരോപിച്ച് പിറവന്തൂര്‍ ജിഎസ് ഭവനില്‍ ഗീത നല്‍കിയ കേസിലാണ് പുനലൂര്‍ മജിസട്രേറ്റ് കോടതി ഡിഎന്‍എ പരിശോധനയ്ക്ക് ഉത്തരവിട്ടത്. പശുവിനെ കാട്ടില്‍ മേയാന്‍ വിട്ട നേരത്ത് കരവാളൂര്‍ സ്വദേശി ശശിലേഖയും മകന്‍ വരുണും തട്ടിയെടുത്തെന്നാണ് ഗീതയുടെ ആരോപണം. ആരോപണം നിഷേധിച്ച ശശിലേഖയും കുടുംബവും പശുകിടാവ് തങ്ങളുടെതാണെന്ന് അവകാശവാദമുയര്‍ത്തി.
ഉടമസ്ഥത തെളിയിക്കേണ്ടത് ഇരുവര്‍ക്കും അഭിമാന പ്രശ്‌നമായി. കോടതി ഉത്തരവിനെത്തുടര്‍ന്ന് പോലീസ് സാന്നിധ്യത്തില്‍ ഇരു വീട്ടുകാരും പശുക്കളുമായി പത്തനാപുരം മൃഗാശുപത്രിയിലെത്തി. തളളപ്പശുവിന്റെയും അതിന്റെ കിടാവെന്ന് ആരോപണമുയര്‍ന്ന പശുവിന്റെയും രക്ത സാമ്പിളുകള്‍ സീനിയര്‍ വെറ്റിനറി സര്‍ജന്‍ ഉഷയുടെ നേത്വത്വത്തില്‍ ശേഖരിച്ചു. പോലീസ് സീല്‍ ചെയ്ത് പെട്ടിയിലാക്കിയ രക്ത സാമ്പിളുകള്‍ തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്ററിലേക്കയച്ചിരിക്കുകയാണ്.
രണ്ട് പശുവിന്റെയും ഡിഎന്‍എ ടെസ്റ്റിന് പതിനായിരം രൂപായാണ് ചെലവ്. ചെലവ് തല്‍ക്കാലം വാദിയായ ഗീത വഹിക്കണം. പണമല്ല അഭിമാനമാണ് വലുതെന്ന് ഈ വീട്ടമ്മ കരുതുന്നു. ഒരാഴ്ചക്കകം ഫലം കിട്ടുമെന്നാണ് പ്രതീക്ഷ. ആരു പറയുന്നതാണ് ശരിയെന്ന് കണ്ടെത്താന്‍ അതുവരെ കാത്തിരിക്കണം. ക്ലൈമാക്‌സിനായി കാത്തിരിക്കുകയാണ് നാട്ടുകാരും.