‘ലക്കി ബില്‍’ നറുക്കെടുപ്പിലെ വിജയിക്ക് സമ്മാനം നല്‍കാതെ ധനവകുപ്പ്

സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് അവതരിപ്പിച്ച ‘ലക്കി ബില്‍’ ആപ്പിന്റെ ആദ്യ പ്രതിമാസ നറുക്കെടുപ്പ് വിജയിക്ക് ഒന്നാം സമ്മാന തുക നല്‍കാതെ ധനവകുപ്പ്. തുക ലഭിക്കുന്നതിനായി കിളിമാനൂര്‍ സ്വദേശി സുനില്‍ കുമാര്‍ ജി.എസ്.ടി വകുപ്പിനെ സമീപിച്ചെങ്കിലും സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ് മടക്കി അയയ്ക്കുകയായിരുന്നു.

ലക്കി ബില്‍ പദ്ധതിക്ക് ഒപ്പം പ്രഖ്യാപിച്ച ബംബര്‍ നറുക്കെടുപ്പും പ്രതിമാസ നറുക്കെടുപ്പും നിലച്ചിരിക്കുകയാണ്. കുതി വെട്ടിപ്പ് തടഞ്ഞ് ബില്ലുകള്‍ ചോദിച്ചു വാങ്ങുന്നത് പ്രോത്സാഹിപ്പിക്കാനാണ് സംസ്ഥാന ജി.എസ്.ടി വകുപ്പ് ലക്കി ബില്‍ ആപ്പ് പുറത്തിറക്കിയത്. പദ്ധതി ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ വലിയ സ്വീകാര്യതയാണ് ലക്കി ബില്‍ ആപ്പിന് ഉണ്ടായത്.

ആദ്യ പ്രതിമാസ നറുക്കെടുപ്പിലെ ഒന്നാം സമ്മാനമായ 10 ലക്ഷം രൂപ തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശി സുനില്‍ കുമാറിന് ലഭിച്ചു. 30 ദിവസത്തിനുള്ളില്‍ തുക വിതരണം ചെയ്യുമെന്നാണ് സര്‍ക്കാര്‍ നല്‍കിയ ഉറപ്പ്. എന്നാല്‍ സമ്മാനം ലഭിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും സമ്മാനതുകയ്ക്കായി ഓഫീസുകള്‍ കയറി ഇറങ്ങുകയാണ് ഭാഗ്യശാലി.നികുതി നമുക്കും നാടിനും എന്ന സന്ദേശം ഉയര്‍ത്തി അവതരിപ്പിച്ച അഭിമാന പദ്ധതിയാണ് പാതിവഴിയില്‍ നില്‍ക്കുന്നത്. സാമ്പത്തിക ഞെരുക്കം ഇല്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് വാദിക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നതെന്നത് ഏറെ ശ്രദ്ധേയമാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *