ചലച്ചിത്ര പ്രവര്‍ത്തകൻ ചെലവൂര്‍ വേണു അന്തരിച്ചു


കോഴിക്കോട്: മാധ്യമപ്രവര്‍ത്തകനും ചലച്ചിത്ര പ്രവര്‍ത്തകനുമായ ചെലവൂര്‍ വേണു അന്തരിച്ചു(81). എഴുത്തുകാരന്‍, ഫിലിം സൊസൈറ്റിപ്രവര്‍ത്തകന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ്.


ചലച്ചിത്ര നിരൂപകനായി സിനിമ രംഗത്തേക്കു കടന്നു വന്ന അദ്ദേഹം എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ‘ഉമ്മ’ എന്ന സിനിമയ്ക്ക് നിരൂപണമെഴുതി. അന്ന് അത് ചന്ദ്രിക വാരികയില്‍ പ്രസിദ്ധീകരിച്ചിരുന്നു. 1971 മുതല്‍ കോഴിക്കോട്ടെ ‘അശ്വിനി ഫിലിം സൊസൈറ്റി’യുടെ ജനറല്‍ സെക്രട്ടറിയാണ്. കൂടാതെ സൈക്കോ മനശ്ശാസ്ത്ര മാസികയുടെ പത്രാധിപര്‍ ആയിരുന്നു.


ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ കേരള റീജിയന്‍ വൈസ് പ്രസിഡന്റ്, ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ സമിതി (പുസ്തകം) അംഗം, സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ജൂറി അംഗം, തിയറ്റര്‍ ക്ലാസിഫിക്കേഷന്‍ നിര്‍ണയ സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

മനസ്സ് ഒരു സമസ്യ, മനസ്സിന്റെ വഴികള്‍ എന്നിവയാണ് പ്രസിദ്ധീകരിച്ച കൃതികള്‍. അനശ്വര സംവിധായകനായ ജോണ്‍ എബ്രഹാമിന്റെ ജീവിതം ആസ്പദമാക്കി പ്രശസ്ത സിനിമ നിരൂപകന്‍ പ്രേംചന്ദ് സംവിധാനം ചെയ്യ്ത ജോണ്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.



Sharing is Caring