യുപിയില്‍ കര്‍ഷകര്‍ മരിച്ച സംഭവം;കര്‍ഷകരെ കുറ്റപ്പെടുത്തി എഫ്‌ഐആര്‍; പ്രതിഷേധം വ്യാപിക്കുന്നു

യുപിയില്‍ കര്‍ഷക പ്രക്ഷോഭ വേദിയിലേക്ക് വാഹനമിടിച്ചുകയറി കര്‍ഷകര്‍ മരിച്ച സംഭവത്തില്‍ കേന്ദ്രമന്ത്രി അജയ് കുമാര്‍ ടേനിയുടെ മകന്‍ ആശിഷ് മിശ്രയുള്‍പ്പെടെ 14 പേര്‍ക്കെതിരെ കേസ്. ഐപിസി 302 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. യുപി സംഭവത്തില്‍ പ്രതിഷേധിച്ച് മരിച്ചവരുടെ മൃതദേഹവുമായി റോഡ് ഉപരോധിക്കുകയാണ് കര്‍ഷകര്‍. 11 മണിക്ക് ഡല്‍ഹി യുപി ഭവനില്‍ കര്‍ഷകര്‍ പ്രതിഷേധിക്കും. ലഖിംപുരിലേക്ക് തിരിച്ച ചന്ദ്രശേഖര്‍ ആസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 9 ആയി. അപകടത്തില്‍ പരുക്കേറ്റ് പ്രാദേശിക മാധ്യമപ്രവര്‍ത്തകനാണ് മരിച്ചത്.

കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് 14 പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ ജുഡിഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യത്തിലുറച്ചുനില്‍ക്കുകയാണ് കര്‍ഷകര്‍. പ്രതിഷേധത്തിനെത്തിയ കര്‍ഷര്‍ക്കുനേരെ ബോധപൂര്‍വം വാഹനമിടിച്ചുകയറ്റുകയായിരുന്നു എന്നാണ് സംയുക്ത കിസാന്‍ മോര്‍ച്ച ഉള്‍പ്പെടെ ഉന്നയിക്കുന്ന ആരോപണം. ഇതുമായി ബന്ധപ്പെട്ട പരാതി ജില്ലാ മജിസ്‌ട്രേറ്റിനും നല്‍കിയിട്ടുണ്ട്.

അതേസമയം യുപിയില്‍ സമരം ചെയ്യുന്ന കര്‍ഷകരെ കുറ്റപ്പെടുത്തിയാണ് പൊലീസ് എഫ്‌ഐആര്‍ തയ്യാറാക്കിയത്. ലഖിംപൂര്‍ഖേരിയില്‍ അപകടമുണ്ടായ വാഹനവ്യൂഹത്തിന് നേരെ കല്ലേറുണ്ടായതായി യുപി പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. കല്ലേറില്‍ നിയന്ത്രണം വിട്ട വാഹനമാണ് കര്‍ഷകര്‍ക്കിടയിലേക്ക് പാഞ്ഞുകയറിയത്. വാഹനമിടിച്ച് ബിജെപി പ്രവര്‍ത്തകര്‍ മരിച്ചതും അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

സംഭവസ്ഥലം സന്ദര്‍ശിക്കാനെത്തുന്ന രാഷ്ട്രീയ പ്രവര്‍ത്തകരെ പൊലീസ് തടയുകയാണ്. കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയെയും അറസ്റ്റ് ചെയ്തു. അര്‍ധരാത്രിയില്‍ ലഖിംപൂര്‍ ഖേരിയിലേക്ക് തിരിച്ച കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ യുപി പൊലീസ് തടഞ്ഞിരുന്നു. തുടര്‍ന്ന് പ്രിയങ്ക കാല്‍നടയായി മുന്നോട്ടുനീങ്ങുകയായിരുന്നു. നൂറ് കണക്കിന് പ്രവര്‍ത്തകരും പ്രിയങ്കയ്‌ക്കൊപ്പം നടന്നു. പിന്നീട് വാഹനത്തില്‍ പോകാന്‍ പ്രിയങ്കയ്ക്ക് പൊലീസ് അനുവാദം നല്‍കി. എന്നാല്‍, ലഖിംപൂര്‍ ഖേരിയില്‍ എത്തും മുന്‍പ് പ്രിയങ്കയെ പൊലീസ് തടഞ്ഞ് സീതാപൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. കാല്‍നട യാത്രക്കൊടുവില്‍ ലഖിംപൂര്‍ ഖേരിയിലെത്തിയ പ്രിയങ്കയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

സംഭവത്തില്‍ തന്റെ മകന് പങ്കില്ലെന്ന് വിശദീകരിച്ച് കേന്ദ്രമന്ത്രി അജയ് മിശ്ര ഇന്നലെ രംഗത്തെത്തിയിരുന്നു. ഇതിനെ എതിര്‍ക്കുന്നതാണ് എഫ്‌ഐആര്‍.വഹനവ്യൂഹത്തില്‍ തന്റെ മകന്‍ ഇല്ലായിരുന്നുവെന്നും ഉണ്ടായിരുന്നെങ്കില്‍ ജീവനോടെ പുറത്തുവരില്ലായിരുന്നെന്നും കേന്ദ്രമന്ത്രി പറഞ്ഞു. അക്രമണത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ തന്റെ പക്കലുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *