സ്പെയിന്‍-ജര്‍മ്മനി മത്സരം നടന്ന സ്റ്റേഡിയത്തില്‍ ജര്‍മ്മനിക്കെതിരെ വേറിട്ട പ്രതിഷേധവുമായി ആരാധകര്‍

സ്പെയിന്‍-ജര്‍മ്മനി മത്സരം നടന്ന അല്‍ ബെയ്ത് സ്റ്റേഡിയത്തില്‍ ജര്‍മ്മനിക്കെതിരെ വേറിട്ട പ്രതിഷേധവുമായി ആരാധകര്‍.വംശീയ അധിക്ഷേപങ്ങള്‍ക്ക് ഇരയായി വിരമിക്കല്‍ പ്രഖ്യാപിക്കേണ്ടി വന്ന മുന്‍ ജര്‍മ്മന്‍ താരം മെസ്യൂട്ട് ഓസിലിന്റെ ചിത്രം കയ്യിലേന്തി വാ പൊത്തിയായിരുന്നു ഒരു കൂട്ടം ഫുട്ബോള്‍ ആരാധകരുടെ പ്രതിഷേധം. ജര്‍മ്മനിക്ക് ഓസിലിന്റെ കാര്യത്തിലും എല്‍ജിബിടിക്യൂ സമൂഹത്തിന്റെ കാര്യത്തിലും ഇരട്ടത്താപ്പാണെന്ന് ആരാധകര്‍ ആരോപിച്ചു.

ജപ്പാനുമായുളള ആദ്യ മത്സരത്തിന് മുമ്ബ് ജര്‍മ്മന്‍ ടീം ഫോട്ടോക്ക് പോസ് ചെയ്തപ്പോള്‍ വാ പൊത്തിപ്പിടിച്ച്‌ പ്രതിഷേധിച്ചിരുന്നു. വണ്‍ ലൗ ആം ബാന്‍ഡ് ധരിക്കുന്നതിനെതിരായ ഫിഫയുടെ നിലപാടിനെതിരെയായിരുന്നു ജര്‍മ്മന്‍ താരങ്ങളുടെ പ്രതിഷേധം. എല്‍ജിബിടിക്യൂ സമൂഹത്തോടുളള ഖത്തറിന്റെ നിലപാടിനെതിരെ പ്രതിഷേധിക്കുന്നതിനാണ് മഴവില്‍ നിറത്തിലുള്ള വണ്‍ ലൗ ആം ബാന്‍ഡ് ധരിച്ച്‌ കളത്തിലിറങ്ങാന്‍ യൂറോപ്യന്‍ ടീമുകള്‍ തീരുമാനിച്ചിരുന്നത്.

നാല് വര്‍ഷം മുമ്ബാണ് ഓസില്‍ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ചത്. 2018ലെ ലോകകപ്പ് തോല്‍വിക്ക് ശേഷം ഓസിലിനെതിരെ വംശീയാധിക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതില്‍ മനംമടുത്താണ് മികച്ച ഫോമില്‍ കളിച്ചുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. “വംശീയതയും അനാദരവും” കാരണം ഇനി ജര്‍മ്മന്‍ ടീമിനായി കളിക്കില്ലെന്ന് പ്രഖ്യാപിച്ചായിരുന്നു ഓസിലിന്റെ വിരമിക്കല്‍.

തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനുമൊത്തുളള ഓസിലിന്റെ ഫോട്ടോ വിവാദമായിരുന്നു. ഇതിന് പിന്നാലെ 2018ലെ ലോകകപ്പ് തോല്‍വിക്ക് കാരണം ഓസിലാണെന്ന് ജര്‍മ്മന്‍ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു. ‘താന്‍ ഒരു ഫുട്ബോള്‍ കളിക്കാരനാണ്, രാഷ്ട്രീയക്കാരനല്ല. ഞങ്ങളുടെ കൂടിക്കാഴ്ച ഏതെങ്കിലും നയങ്ങളുടെ ഭാഗമായിരുന്നില്ല. ഞാന്‍ ഗോള്‍ നേടുമ്ബോള്‍ ജര്‍മന്‍കാരനും ടീം പരാജയപ്പെടുമ്ബോള്‍ കുടിയേറ്റക്കാരനുമാവുന്നു.’ എന്നും ഓസില്‍ വിവാദങ്ങള്‍ക്ക് മറുപടിയായി പറഞ്ഞിരുന്നു

Spread the love

Leave a Reply

Your email address will not be published. Required fields are marked *