കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ എംപി പികെ ബിജുവിനെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്‌തേക്കും. തട്ടിപ്പിന്റെ വിവരങ്ങൾ പികെ ബിജുവിന് അറിയാമെന്ന് സാക്ഷികൾ മൊഴി നൽകിയിരുന്നു. പികെ ബിജുവിന് കഴിഞ്ഞദിവസം ഇഡി നോട്ടീസ് അയച്ചിരുന്നു. കൊച്ചിയിലെ ഇ.ഡി. ഓഫീസിൽ ചോദ്യംചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്.
കൗൺസിലർ എം.ആർ. ഷാജനും ഇഡി നോട്ടീസ് അയച്ചിരുന്നു. ഷാജനോട് വെള്ളിയാഴ്ച ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കരുവന്നൂർ തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കാൻ സിപിഐഎം നിയോഗിച്ച സമിതിയിലെ അംഗങ്ങളാണ് പികെ ബിജുവും ഷാജനും. മുൻ എം.പിയായ സി.പി.എം നേതാവിന് കേസിൽ പ്രതിയായ സതീഷ് കുമാറുമായി സാമ്പത്തിക ഇടപാടുണ്ടെന്ന് ഇ.ഡി കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.തൃശ്ശൂർ സി.പി.എം. ജില്ലാ സെക്രട്ടറി എം.എം. വർഗീസിനോട് ബുധനാഴ്ച ഹാജരാകണമെന്ന് ഇ.ഡി. ആവശ്യപ്പെട്ടിരുന്നെങ്കിലും ഹാജരായിരുന്നില്ല.
ഈ മാസം 26 വരെ ഹജരാകാൻ കഴിയില്ലെന്ന് അദ്ദേഹം ഇഡിയെ അറിയിച്ചു. അതേസമയം സിപിഐഎം മറച്ചുവെച്ചെന്ന് ആരോപിക്കപ്പെടുന്ന കരുവന്നൂർ സഹകരണ ബാങ്കിലെ അഞ്ച് അക്കൗണ്ട് വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മിഷന് ഇഡി കൈമാറി. സഹകരണ നിയമങ്ങൾ ലംഘിച്ചും ബാങ്ക് ബൈലോ അട്ടിമറിച്ചുമാണ് അക്കൗണ്ടുകൾ തുടങ്ങിയെന്നാണ് ആരോപണം.