
ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. സംഭവത്തിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ കേന്ദ്രഭരണപ്രദേശത്ത് നടക്കുന്ന മൂന്നാമത്തെ ഏറ്റുമുട്ടലാണിത്. വെള്ളിയാഴ്ച രാവിലെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. രജൗരി ജില്ലയിലെ കാണ്ടി കുഗ്രാമത്തിലെ കേസരി മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. മൂന്ന് ഭീകരർ പ്രദേശത്ത് കുടുങ്ങിയിട്ടുണ്ടെന്നാണ് വിവരം.
പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന പ്രത്യേക വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ്, ഇന്ത്യൻ ആർമി, സിആർപിഎഫ് എന്നിവയുടെ സംയുക്ത സംഘം തെരച്ചിൽ ആരംഭിച്ചതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.സേനയുടെ സംയുക്ത സംഘങ്ങൾ സംഭവസ്ഥലത്തേക്ക് അടുക്കുമ്പോൾ, ഒളിച്ചിരിക്കുന്ന ഭീകരർ വെടിയുതിർക്കുകയായിരുന്നു. കാണ്ടി വനമേഖലയിൽ ഏറ്റുമുട്ടൽ ആരംഭിച്ചതായി ജമ്മു സോൺ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് മുകേഷ് സിംഗ് സ്ഥിരീകരിച്ചു.

