തിരഞ്ഞെടുപ്പ് ഫലം; സി പി എം തിരുത്തല്‍ നടപടിക്ക്


ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തിരിച്ചടി വിലയിരുത്താന്‍ സി പി എം അഞ്ച് ദിവസത്തെ നേതൃയോഗങ്ങൾ ഈ മാസം 16ന് ആരംഭിക്കും. തുടര്‍ച്ചയായ രണ്ടാം തവണയും കേരളത്തില്‍ കനത്ത തിരിച്ചടി നേരിട്ട പശ്ചാത്തലത്തില്‍ പ്രവര്‍ത്തനം വിലയിരുത്തി തിരുത്തല്‍ നടപടികളിലേക്ക് കടക്കാനാണ് തീരുമാനം. നാളെ ചേരുന്ന സെക്രട്ടേറിയറ്റില്‍ തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച പ്രാഥമിക വിലയിരുത്തല്‍ നടക്കും. വിശദമായ ചര്‍ച്ചക്കായാണ് അഞ്ച് ദിവസത്തെ സംസ്ഥാന നേതൃയോഗം ചേരുന്നത്.


6, 17 തീയതികളില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും തുടര്‍ന്ന് 18 മുതല്‍ 20 വരെ സംസ്ഥാന സമിതി യോഗവും നടക്കും. മന്ത്രി കെ രാധാകൃഷ്ണന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജയിച്ചതോടെ മന്ത്രിസഭാ പുനഃസംഘടനാ ചര്‍ച്ചകളും സി പി എമ്മിന്റെ പരിഗണനയിലുണ്ട്. എം പിയായി തിരഞ്ഞെടുത്തുകൊണ്ടുള്ള നോട്ടിഫിക്കേഷന്‍ ഇറങ്ങി 14 ദിവസത്തിനകം നിയമസഭാംഗത്വം രാജിവെക്കണമെന്നാണ് ചട്ടമെന്നിരിക്കെ ഉപതിരഞ്ഞെടുപ്പ് ഉള്‍പ്പെെടയുള്ള കാര്യം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ചര്‍ച്ച യാകും.


ചുമതല ആര്‍ക്കെങ്കിലും കൈമാറണോ അതോ പകരക്കാരനെ ഉടന്‍ കണ്ടെത്തണോ എന്ന കാര്യത്തില്‍ സെക്രട്ടേറിയറ്റ് തീരുമാനം എടുക്കും. പത്താം തീയതി നിയമസഭാ സമ്മേളനം തുടങ്ങുന്ന സാഹചര്യത്തില്‍ സഭയില്‍ സ്വീകരിക്കേണ്ട നിലപാടുകളും സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യും. ജില്ലകളില്‍ നിന്നും മണ്ഡലങ്ങളില്‍ നിന്നുമുള്ള വോട്ട് കണക്കുകളും റിപോര്‍ട്ടും സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ വിലയിരുത്തും. ഇതനുസരിച്ച് അവലോകന റിപോര്‍ട്ട് തയ്യാറാക്കും. ഇത് സംസ്ഥാന കമ്മിറ്റിയില്‍ അവതരിപ്പിച്ച് വിശദമായി ചര്‍ച്ച ചെയ്തതിന് ശേഷമാകും തുടര്‍ നടപടികള്‍.



Sharing is Caring