ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് മുൻ നാവികസേനാ ഉദ്യോഗസ്ഥരെ നാട്ടിലെത്തിച്ചു

ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് മുൻ നാവികസേനാ ഉദ്യോഗസ്ഥരെ നാട്ടിലെത്തിച്ചു .കേന്ദ്രസർക്കാരിന്‍റെ നയതന്ത്ര ഇടപെടലുകളുടെ ഫലമായാണ് ഇവരെ നാട്ടിലെത്തിക്കാൻ സാധിച്ചത് . എട്ട് ഉദ്യോ​ഗസ്ഥരിൽ ഏഴ് പേർ നാട്ടിലെത്തിയതായി വിദേശകാര്യമന്ത്രാലയം തിങ്കളാഴ്ച രാവിലെ അറിയിച്ചിരുന്നു. ഉദ്യോ​ഗസ്ഥരെ വെറുതെവിട്ട ഖത്തർ അമീറിന്റെ നിലപാടിനെ ഇന്ത്യ സ്വാ​ഗതം ചെയ്തു.സുരക്ഷിതമായി രാജ്യത്ത് തിരിച്ചെത്തിയതിന്റെ സന്തോഷം ഉദ്യോ​ഗസ്ഥർ മാധ്യമങ്ങളോട് പങ്കുവച്ചു.

മോചനത്തിനായുള്ള പ്രധാനമന്ത്രിയുടെ ഇടപെടലിലും അവർ തങ്ങളുടെ നന്ദി അറിയിച്ചു. ക്യാപ്റ്റൻ നവ്തേജ് സിങ് ഗിൽ, ക്യാപ്റ്റൻ ബിരേന്ദ്ര കുമാർ വർമ, ക്യാപ്റ്റൻ സൗരഭ് വസിഷ്ഠ്, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകാല, കമാൻഡർ സഞ്ജീവ് ഗുപ്ത, തിരുവനന്തപുരം സ്വദേശിയെന്നുകരുതുന്ന നാവികൻ രാഗേഷ് ഗോപകുമാർ എന്നിവരായിരുന്നു ശിക്ഷ നേരിട്ടത്.ഇന്ത്യൻ നാവികസേനയിൽനിന്ന് വിരമിച്ചശേഷം ഇറ്റാലിയൻ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള രഹസ്യസ്വഭാവമുള്ള മിഡ്‌ജെറ്റ് അന്തർവാഹിനികൾ നിർമിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി ദഹ്‌റ ഗ്ലോബൽ ടെക്നോളജീസിൽ പ്രവർത്തിക്കുന്നതിനിടെ 2022 ഓഗസ്റ്റിലാണ് എട്ട് ഉദ്യോ​​​ഗസ്ഥരെ ഖത്തർ ഇന്റലിജൻസ് അറസ്റ്റ് ചെയ്യുന്നത്.

സൈനികസേവനം നൽകുന്ന കമ്പനിയുടെ ഉടമയായ ഖത്തർ പൗരനും കേസിൽ അറസ്റ്റിലായിരുന്നെങ്കിലും പിന്നീട് ഇയാളെ വിട്ടയച്ചു.എന്നാൽ, ഇവർക്കെതിരെ ചുമത്തിയ കുറ്റങ്ങളെന്തെല്ലാമാണെന്ന് ഔദ്യോഗികമായി ഇതുവരെ പുറത്തുവന്നിട്ടില്ല. മുങ്ങിക്കപ്പൽ നിർമാണരഹസ്യങ്ങൾ ഇസ്രയേലിന് ചോർത്തി നൽകിയതിനാണ് കേസെന്ന് മാത്രമായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയിലുള്ളവർ ഇവർക്കെതിരേ ആസൂത്രണംചെയ്തതാണ് ചാരപ്രവർത്തനമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.2023 മാർച്ചിൽ നടന്ന വിചാരണയ്ക്കുശേഷം ഒക്ടോബർ 26-ന് ഇവരെ വധശിക്ഷ വിധിച്ചത്. കുറ്റാരോപണം എന്തെന്ന് പോലും വ്യക്തമല്ലാതെ ഇന്ത്യൻ പൗരന്മാരെ ഖത്തർ വധശിക്ഷയ്ക്ക് വിധിച്ചതോടെ വിഷയത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ ഭാ​ഗത്തുനിന്ന് രൂക്ഷവിമർശനമുയർന്നിരുന്നു.

ഇന്ത്യയെ വിശ്വഗുരു ആക്കുമെന്ന ബി.ജെ.പി.യുടെ അവകാശവാദത്തിലെ പൊള്ളത്തരം ഇത് തുറന്നുകാട്ടുന്നുവെന്ന് കോൺഗ്രസ് തുറന്നടിച്ചിരുന്നു.വിധി പുറത്തുവന്നതിന് പിന്നാലെ 2023 നവംബറിൽ ഖത്തർ കോടതിയുടെ വിധിയിൽ ഇന്ത്യ അപ്പീൽ സമർപ്പിച്ചു. നിയമപരമായി വിഷയത്തിൽ പരിഹാരം കാണുക, അല്ലെങ്കിൽ ഭരണതലത്തിൽ രാഷ്ട്രീയ ഇടപെടൽ നടത്തി നയതന്ത്രപരമായി മോചനം സാധ്യമാക്കുക എന്നീ സാധ്യതകളായിരുന്നു ഇന്ത്യക്ക് മുന്നിലുണ്ടായിരുന്നത്. വിഷയത്തിൽ ഖത്തർ അധികാരികളുമായി നിരന്തരം ചർച്ചനടന്നു. സാധ്യമായ എല്ലാ പിന്തുണയും തങ്ങളുടെ ഭാ​ഗത്തുനിന്നുമുണ്ടാകുമെന്ന് വിദേശകാര്യമന്ത്രാലയം ഉദ്യോ​ഗസ്ഥരുടെ കുടുംബങ്ങൾക്ക് ഉറപ്പുനൽകി. നവംബർ 23-ന് വധശിക്ഷയ്‌ക്കെതിരായ ഇന്ത്യയുടെ അപ്പീൽ അംഗീകരിച്ചതായി ഖത്തർ അറിയിച്ചു. അതേസമയം, രഹസ്യസ്വഭാവമുള്ള നടപടിക്രമങ്ങളായതിനാൽ വിഷയത്തിൽ കൂടുതൽ കാര്യങ്ങൾ വിദേശകാര്യമന്ത്രാലയം പുറത്തുവിട്ടിട്ടില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *