അറിവിന്റെ വിളക്കായി എഡ്യുമാര്‍ട്ട്

ed_martനാം എന്തു കര്‍മ്മം ചെയ്താലും അതു നമുക്ക് മാത്രമാണ് ഗുണം ചെയ്യുന്നത്. അന്യനെ ദ്രോഹിക്കാതെയിരിക്കുന്നതാണ് ഏറ്റവും വലിയ നന്‍മ. ഒറ്റത്തിങ്കല്‍ ഖദീജയുടെയും കൂര്‍മ്മത്ത് അബ്ദുര്‍റഹ്മാന്‍ ഹാജിയുടെയും മക്കളെ നയിക്കുന്നത് ഈ ചിന്ത തന്നെയാണ്. കേരളത്തിലാദ്യമായി അക്കാദമിക്ക് ഹൈപ്പര്‍ മാര്‍ക്കറ്റ് എന്ന ആശയം കൊണ്ടുവന്നത് കൂര്‍മ്മത്ത് സഹോദരന്‍മാരാണ്. കോഴിക്കോട് ജാഫര്‍ഖാന്‍ കോളനി റോഡില്‍ 35,000 സ്‌ക്വയര്‍ഫീറ്റില്‍ ആറുനിലകളിലായി വ്യാപിച്ചുകിടക്കുന്ന എഡ്യുകെയര്‍ പ്രിന്റേഴ്‌സ് ആന്റ് പബ്ലിഷേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എഡ്യുമാര്‍ട്ട് എന്ന സ്ഥാപനം ഇന്ത്യയിലെ തന്നെ ഇത്തരം സംരംഭങ്ങളില്‍ ആദ്യത്തേതാണെന്നു പറയാം.

കൂര്‍മ്മത്ത് അബ്ദുര്‍റഹ്മാന്‍ ഹാജിയുടെ മൂത്തമകന്‍ മുസ്തഫ കൂര്‍മ്മത്താണ് എഡ്യുമാര്‍ട്ടിന്റെ മാനേജിങ് ഡയറക്ടര്‍. മുജീബ് റഹ്മാന്‍, അബ്ദുല്‍ മുനീര്‍, നൗഷാദ് എന്നീ മക്കള്‍ കമ്പനി ഡയറക്ടര്‍മാരും.

55 വര്‍ഷങ്ങള്‍ക്ക് മുമ്പാണത്. മുസ്്തഫാ കൂര്‍മ്മത്തിന്റെ പിതാവായ അബ്ദുര്‍റഹ്മാന്‍ ഹാജിക്ക് വീടുകള്‍ തോറും കയറിയിറങ്ങി കൊച്ചു കൊച്ചു പുസ്തകങ്ങള്‍ വില്‍ക്കലായിരുന്നു ജോലി. ഏതാനും വര്‍ഷത്തിനുശേഷം തിരൂരങ്ങാടിയില്‍ പ്രിന്റിങ് ആരംഭിച്ചു. മാപ്പിളപ്പാട്ടുകളായിരുന്നു ഏറ്റവും കൂടുതല്‍ അച്ചടിച്ചത്. 16 പേജുള്ള ഒരോ പുസ്തകത്തിനും 10 പൈസയായിരുന്നു വില. വായ്പ്പാട്ടിന്റെ കാലത്താണ് മാപ്പിളപ്പാട്ടുകള്‍ അച്ചടിച്ചു വന്നത് എന്നതിനാല്‍ തന്നെ ഈ സംരംഭത്തിന് മികച്ച പ്രതികരണം ലഭിച്ചു. ശേഷം പടിപടിയായി വളര്‍ന്ന് 10 രൂപ പുസ്തകങ്ങളായി. 1000ത്തോളം വ്യത്യസ്തങ്ങളായ, ജനറല്‍ സ്വഭാവമുള്ള പുസ്തകങ്ങളാണ് അച്ചടിച്ചത്. അറിവിനെ സാധാരണക്കാരനിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. ചെറുതും വലുതുമായി പതിനഞ്ചോളം തരത്തിലുള്ള ഖുര്‍ആനുകള്‍ ഇന്നും ഇവിടെ പ്രസിദ്ധീകരിക്കുന്നു. (പൊന്നാനി(മലബാരി)ലിപിയിലുള്ള ഏറ്റവും വലിയ പേജുകളോടുകൂടിയ ഖുര്‍ആന്‍ ഇവരുടേതാണ്). കോട്ടയത്ത് വച്ച് യാദൃശ്ചികമായി പാലാ ബാലകൃഷ്ണനെയും ഭാര്യ ഡോ. ലീലാ ദേവിയെയും കണ്ടുമുട്ടാന്‍ കഴിഞ്ഞത്് ഇവരുടെ ജീവിതത്തിലെ പ്രധാന വഴിത്തിരിവായി. അവര്‍ മുഖേന കോട്ടയത്തെ നിരവധി പ്രസാധകരെ പരിചയപ്പെട്ടു. അദ്ദേഹമാണ് ജനറല്‍ പുസ്തക രംഗത്തേക്ക് വരാന്‍ ഇവര്‍ക്കു വഴികാട്ടിയായത്. പിന്നീടതിനെ അഷ്‌റഫി ബുക്ക് സെന്റര്‍ ആന്റ് തിരൂരങ്ങാടി പ്രിന്റേഴ്‌സ് എന്ന് നാമകരണം ചെയ്തു. 17 വര്‍ഷമായി എന്‍.സി.ആര്‍.ടിയുടെ ഹോള്‍സെയില്‍ ഏജന്‍സിയുണ്ട്. കാലിക്കറ്റ് സര്‍വ്വകലാശാലയുടെ അറബിക്ക്, അഫ്ദലുല്‍ ഉലമ എന്നിവയുടെ ടെക്സ്റ്റ് ബുക്കുകള്‍ ഇവിടെയാണ് പ്രസിദ്ധീകരിക്കുന്നത്.

കുട്ടികള്‍ക്ക് വേണ്ട എല്ലാം ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ 2008ലാണ് എഡ്യുമാര്‍ട്ട് പ്രവര്‍ത്തനം ആരംഭിക്കുന്നത്. സാധാരണ തുണിക്കച്ചവടം പോലെയോ, സ്വര്‍ണ്ണക്കച്ചവടം പോലെയോ അല്ല അറിവിന്റെ കച്ചവടം എന്ന് മുസ്തഫ കൂര്‍മ്മത്തിന് നല്ല ബോധ്യമുണ്ട്. അറിവിനെ മല്‍സരം ബാധിക്കില്ല. ഉണ്ടെങ്കില്‍ തന്നെ അത് ആരോഗ്യപരമായ മുന്നേറ്റത്തിനു സഹായിക്കുകയാണ് ചെയ്യുന്നത്. ആദ്യവര്‍ഷംതന്നെ സ്ഥാപനത്തെ ബ്രേക്ക് ഈവണ്‍ പോയിന്റിലെത്തിക്കാന്‍ ഈ മാനേജ്‌മെന്റിനു കഴിഞ്ഞുവെന്നതും എടുത്തു പറയേണ്ടതാണ്.

മറ്റു ബിസിനസുകളിലെ പോലെ ഇവിടെ വിലപേശലില്ല. എല്ലാവരും അറിവിനെ ബഹുമാനിക്കുന്നു.അതുകൊണ്ടുതന്നെ ആ ബഹുമാനം എവിടെപ്പോയാലും നമുക്കും തിരിച്ചുകിട്ടുന്നുവെന്നും മുസ്തഫ കൂര്‍മത്ത് സാക്ഷ്യപ്പെടുത്തുന്നു.

സ്‌കൂള്‍ കോളജ് പുസ്തകങ്ങള്‍-ഗൈഡുകള്‍, സ്‌പോര്‍ട്ട്‌സ് സാമഗ്രികള്‍, സംഗിതോപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍, ലാബ് ഉപകരണങ്ങള്‍, ഹെല്‍ത്ത് ക്ലബ്ബ് സാധനങ്ങള്‍, ഗിഫ്റ്റുകള്‍, ഗ്രീറ്റിങ് കാര്‍ഡുകള്‍, മതഗ്രന്ഥങ്ങള്‍, ആനുകാലികങ്ങള്‍, മരത്തില്‍ തീര്‍ത്ത ഹാന്റിക്രാഫ്റ്റുകള്‍ എന്നിവയെല്ലാം എഡ്യുമാര്‍ട്ടിനെ വണ്‍ സ്റ്റോപ് ഷോപ്പാക്കുന്നു. ഇതു കൂടാതെ സ്‌കൂള്‍ യൂനിഫോമുകളും കംപ്യൂട്ടറുകളും എഡ്യുമാര്‍ട്ടില്‍ ലഭ്യമാക്കാനുള്ള പദ്ധതിയും പരിഗണനയിലുണ്ട്. ചൈന, മലേഷ്യ, ഇന്തോനേഷ്യ, ഇന്ത്യയില്‍ എല്ലായിടത്തും കൂര്‍മ്മത്ത് സഹോദരന്‍മാര്‍ നേരിട്ടു പോയാണ് സാധനങ്ങള്‍ വാങ്ങുന്നത്.

അര്‍ഹിക്കുന്ന രീതിയിലുള്ള പടിപടിയായ വളര്‍ച്ച മാത്രമേ എഡ്യുമാര്‍ട്ടിന്റെ സാരഥികള്‍ ആഗ്രഹിക്കുന്നുള്ളൂ. അടുത്ത അഞ്ചുവര്‍ഷത്തിനകം എറണാകുളം, തൃശൂര്‍, തിരുവനന്തപുരം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ എഡ്യൂമാര്‍ട്ടിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ് മുസ്തഫ കൂര്‍മ്മത്തിന്റെ ലക്ഷ്യം. മഞ്ചേരിയിലും ഇത്തരം സംരംഭങ്ങള്‍ ആരംഭിക്കാന്‍ ആലോചനയുണ്ട്.

അഷ്‌റഫി ബുക്ക് സെന്റര്‍ ആന്റ് തിരൂരങ്ങാടി പ്രിന്റേഴ്‌സിലും എഡ്യുമാര്‍ട്ടിലുമായി ആകെ 125 ജീവനക്കാരുണ്ട്. അബ്ദുറഹ്മാന്‍ ഹാജിയുടെ ആറുമക്കളില്‍ മുജീബ് റഹ്മാനാണ് ബിസിനസ്സിലെ തന്റെ വലംകൈ എന്ന് മുസ്തഫ കൂര്‍മ്മത്ത് സമ്മതിക്കും.

ഖഇക ചെമ്മാട് ക്ലബ്ബില്‍ അംഗമാണ് മുസ്തഫ. ചേംബര്‍ ഓഫ് കോമേഴ്‌സിലും അംഗത്വമുണ്ട്. യു.എ.ഇയിലെ അജ്മാനില്‍ ബര്‍ക്കത്ത് അല്‍ മദീന എന്ന ഹൈപ്പര്‍മാര്‍ട്ട് അടുത്തിടെയാണ് പ്രവര്‍ത്തനം തുടങ്ങിയത്. ഷാര്‍ജയിലെ സില്‍ക്ക് ആന്റ് സില്‍ക്ക് കമ്പനിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് ഇദ്ദേഹം. സീനത്താണ് ഭാര്യ. രണ്ടു പെണ്‍മക്കള്‍ ഉള്‍പ്പടെ ആറു മക്കളുണ്ട് മുസ്തഫ കൂര്‍മത്തിന്.

മറക്കാനാവാത്ത അനുഭവം

അപ്രതീക്ഷിതമായി സംഭവിക്കുന്ന പലതും ജീവിതത്തിലെ മറക്കാനാവത്ത് അനുഭവങ്ങളായി മാറാറുണ്ട്. മദ്രാസിലേക്ക് യാത്രപോകാനൊരുങ്ങിയ യുവാവായ മുസ്തഫ തിരൂരങ്ങടിയിലെ തന്റെ വീടിനടുത്തുള്ള പുഴക്കടവില്‍ കുളിക്കാനിറങ്ങിയത് ഒരുള്‍വിളിയോടെയായിരുന്നു. അത് ഒരു നിയോഗമായി; നാലുപേരുടെ ജീവന്‍ രക്ഷിക്കാനുള്ള നിയോഗം. തന്നോടൊപ്പം കുളിക്കുകയായിരുന്ന നാലുപേരും ഒഴുക്കില്‍പെട്ടു. രണ്ടുപേര്‍ എങ്ങിനെയോ രക്ഷപ്പെട്ടു. ഒരാളെ രക്ഷിച്ച് കരയിലേക്കടുപ്പിച്ചപ്പോള്‍ ഒരാളെ കാണാനില്ല. പുഴയില്‍ നിന്ന് അവസാനശ്വാസത്തിനായി പൊന്തിവന്ന അയാളുടെ മുടിയില്‍ മുസ്തഫ മുറുകെ പിടിച്ചുവലിച്ച് ജീവിതത്തിലേക്കടുപ്പിച്ചു. അതിനും കാരണമുണ്ടായിരുന്നു. ചെറുതായിരിക്കുമ്പോള്‍ തന്റെ കൊച്ചനുജന്‍ മുജീബ് റഹമാനും ഇതുപോലൊരു അപകടത്തില്‍പെട്ടിരുന്നു. അന്ന് അപ്രതീക്ഷിതമായി അദ്ദേഹത്തെയും ആരോ രക്ഷിക്കുകയായിരുന്നു. തന്റെ അനിയന്റെ ജീവന്റെ കടമാണ് തിരൂരങ്ങാടി പുഴയില്‍ മുസ്തഫ് വീട്ടിയത്. ആ സംഭവം ഇടയ്ക്കിടെ അദ്ദേഹം ഓര്‍ക്കാറുണ്ട്.

തൊഴില്‍പ്പരമായും ജീവിതത്തെ മാറ്റിമറിച്ച സംഭവങ്ങള്‍ ഒട്ടേറെ ഉണ്ടായിട്ടുണ്ടെങ്കിലും ശ്രീ. ജി പുണ്ഡരീകറാവുവിനെ അദ്ദേഹത്തിനു മറക്കാനാവില്ല. പിതാവും ജേഷ്ഠനും സ്വത്തു ഭാഗം വച്ചപ്പോള്‍ പകുതി മെഷിനറി മാത്രമാണ് ഇവര്‍ക്കു ലഭിച്ചത്. അതുകൊണ്ട് ഒരു ബിസിനസ് നടത്തുക ചിന്തിക്കാനാവില്ലായിരുന്നു. അങ്ങിനെയിരിക്കുമ്പോഴാണ് പയ്യോളിയിലുള്ള മീരാ പ്രിന്റേഴ്‌സിന്റെ പ്രിന്റിങ് ഉരുപ്പിടികള്‍ വില്‍പ്പനയ്‌ക്കെന്ന പത്രപരസ്യം കണ്ടത്. ലക്ഷങ്ങള്‍ വിലവരുന്ന പ്രിന്റിങ് ഉരുപ്പിടികളാണ് ഒരു ലക്ഷത്തിന് കൂര്‍മ്മത്ത് വീട്ടുകാര്‍ക്ക് പുണ്ഡരീകറാവു വിറ്റത്. പിതാവിനെ അദ്ദേഹത്തിന് മുന്‍പരിചയമുണ്ടായിരുന്നു. മാത്രമല്ല ഉരുപ്പിടികളുടെ യഥാര്‍ത്ഥ ഉപയോഗം അറിയുന്നവരാണെന്നു ബോധ്യം ഉണ്ടായതുകൊണ്ടാണ് അദ്ദേഹം ഉരുപ്പിടികളുടെ വിലയില്‍ കുറവുനല്‍കിയതെന്നാണ് ഇന്നും മുസ്തഫ കൂര്‍മ്മത്ത് വിശ്വസിക്കുന്നത്.

ഒരിക്കലും നന്ദികേടുകാട്ടാതിരിക്കുക, എല്ലായ്‌പ്പോഴും താഴ്മയോടെയിരിക്കുക, പറ്റാവുന്നത്ര യാത്രചെയ്ത് ലോകം എന്താണെന്നു മനസിലാക്കുക ഇതാണ് മുസ്തഫ കൂര്‍മ്മത്തിനെ ജീവിതം പഠിപ്പിച്ച പാഠങ്ങള്‍. ജീവിതം നല്‍കുന്ന അറിവിനെ വെല്ലാന്‍ ലോകത്ത് ഒന്നും തന്നെയില്ലന്ന് അദ്ദേഹത്തിന് നന്നായി അറിയാം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *