ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിന് പിന്നാലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ എഎപി നേതാവും മന്ത്രിയുമായ അതിഷി മര്‍ലേന രംഗത്ത്. ബിജെപിക്ക് വേണ്ടി പണി എടുക്കുന്നത് ഇ ഡി അവസാനിപ്പിക്കണമെന്ന് അതിഷി പറഞ്ഞു. നിയമം വഴിയാണ് ഇഡി രൂപീകൃതമായിരിക്കുന്നത്.
എന്നാല്‍ ഇഡിക്ക് പിന്നില്‍ ഒളിച്ച് ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുകയാണെന്നും അതിഷി കുറ്റപ്പെടുത്തി. ‘മോദി ക സബ്‌സെ ബഡാ ഡര്‍ കെജ്രിവാള്‍’ എന്ന പേരില്‍ എഎപി സമൂഹ മാധ്യമങ്ങളില്‍ ക്യാമ്പയിനും ആരംഭിച്ചു. മാര്‍ച്ച് 21 ന് രാത്രിയിലാണ് ഇഡിയുടെ ചോദ്യം ചെയ്യലിന് പിന്നാലെ കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്.കസ്റ്റഡിയിലിരിക്കെ ഭരണകാര്യങ്ങളില്‍ കെജ്രിവാള്‍ നിര്‍ദ്ദേശം നല്‍കിയെന്ന അതിഷി മര്‍ലേനയുടെ അവകാശവാദത്തില്‍ ഇഡി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കസ്റ്റഡിയില്‍ ഇരുന്ന് കെജ്രിവാള്‍ എങ്ങനെ സര്‍ക്കാരിന് നിര്‍ദേശം നല്‍കി എന്നാണ് ഇഡി അന്വേഷിക്കുക. ഇതുമായി ബന്ധപ്പെട്ട് ആം ആദ്മി പാര്‍ട്ടിയുടെ നേതാവും ജലവിഭവ വകുപ്പ് മന്ത്രിയുമായ അതിഷിയെ ചോദ്യം ചെയ്‌തേക്കും.കത്ത് വ്യാജമെന്ന് നേരത്തെ ബിജെപി ആരോപിച്ചിരുന്നു. കസ്റ്റഡിയിലുള്ള അരവിന്ദ് കെജ്രിവാളിന് കമ്പ്യൂട്ടറോ പേപ്പറോ അനുവദിച്ചിട്ടില്ലെന്ന് ഇ ഡി വൃത്തങ്ങളെ ഉദ്ധരിച്ച് നേരത്തെ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു.
ജയിലില്‍ നിന്നും അരവിന്ദ് കെജ്രിവാള്‍ ആദ്യ ഉത്തരവ് പുറത്തിറക്കിയെന്ന എഎപിയുടെ ജലവിഭവ വകുപ്പ് മന്ത്രി അതിഷി മെര്‍ലേനയുടെ പ്രസ്താവന നേരത്തെ വിവാദമായിരുന്നു.അതിഷി ചൂണ്ടിക്കാണിച്ച ഉത്തരവ് വ്യാജമാണെന്ന് ആരോപിച്ച് ബിജെപി രംഗത്ത് വന്ന പശ്ചാത്തലത്തിലാണ് കസ്റ്റഡിയില്‍ കഴിയുന്ന അരവിന്ദ് കെജ്രിവാളിന് സര്‍ക്കാര്‍ ഉത്തരവ് തയ്യാറാക്കാന്‍ സാധിക്കുന്ന പശ്ചാത്തല സൗകര്യങ്ങളൊന്നും ഒരുക്കിയിട്ടില്ലെന്ന വിവരം പുറത്ത് വന്നത്.