പാലിയേക്കര ടോള്‍ പ്ലാസയില്‍ ഇ.ഡി. റെയ്ഡ്


പാലിയേക്കര ടോള്‍ പ്ലാസയില്‍ ഇ.ഡി. റെയ്ഡ്. ടോള്‍ കമ്പനി നടത്തിയ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട പരാതികളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്. ഇന്നലെ രാവിലെ 10 നാണ് റെയ്ഡ് ആരംഭിച്ചത്. ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് പരാതികളുടെ അടിസ്ഥാനത്തിലാണ് പരിശോധന. ദേശീയപാതയുമായി ബന്ധപ്പെട്ട അനുബന്ധ പ്രവര്‍ത്തനങ്ങളിലെ സാമ്പത്തിക ക്രമക്കേടുകള്‍ ആണ് പ്രധാനമായും അന്വേഷിക്കുന്നത്.


സര്‍വീസ് റോഡുകള്‍ ഉള്‍പ്പെടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാതെ ടോള്‍ പിരിവ് നടത്തിയതും പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ച് വരുമാനമുണ്ടാക്കിയതും അന്വേഷണ പരിധിയിലുണ്ട്.ടോള്‍ പ്ലാസയിലെ സാമ്പത്തിക ക്രമക്കേടുകളും ഒരു കോടി എട്ട് ലക്ഷം രൂപയുടെ അനധികൃത ഇടപാടുകളും ആയി ബന്ധപ്പെട്ട ഒരു സി.ബി.ഐ. കേസും നിലവിലുണ്ട്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളും ഇ.ഡി. അന്വേഷിക്കുന്നുണ്ട്. ടോള്‍ പ്ലാസയുമായി ബന്ധപ്പെട്ട ദേശീയപാതയുടെ സര്‍വീസ് റോഡ് നിര്‍മാണം, പരസ്യ ബോര്‍ഡുകള്‍ തുടങ്ങിയവയില്‍ ഒരു കോടിയിലേറെ രൂപയുടെ അനധികൃത ഇടപാടുകള്‍ നടന്നുവെന്നായിരുന്നു പരാതി.


വെളിപ്പെടുത്തിയതിനേക്കാള്‍ അധികം വരുമാനം ടോള്‍ പിരിവ് നടത്തുന്ന ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് കമ്പനി അനധികൃതമായി നേടിയിട്ടുണ്ടെന്നാണ് വിവരം. ഇതുകൂടാതെയാണ് ഇടയ്ക്കിടെ ടോള്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചതും. ഏതെല്ലാം തരത്തില്‍ ടോള്‍ കമ്പനി പരിധിയില്‍ കവിഞ്ഞ വരുമാനമുണ്ടാക്കിയെന്നും ഇ.ഡി. പരിശോധിക്കുന്നുണ്ട്. റെയ്ഡിനെക്കുറിച്ച് ടോള്‍ പ്ലാസ അധികൃതരോ ദേശീയ പാത അതോറിറ്റിയോ പ്രതികരിച്ചിട്ടില്ല.



Sharing is Caring