കൊല്ലപ്പെട്ട ജുനൈദിന്‍റെ വീട് മുഹമ്മദ് റിയാസ് സന്ദര്‍ശിച്ചു


ഡല്‍ഹിയില്‍ നിന്ന് ഹര്യാനയിലെ വീട്ടിലേക്കുള്ള യാത്ര മധ്യേ ട്രെയിനില്‍ വച്ച് കൊല്ലപ്പെട്ട ജുനൈദിന്‍റെ വീട് ഡി വൈ എഫ് ഐ അഖിലന്ത്യാ അധ്യക്ഷന്‍ അഡ്വ. മുഹമ്മദ് റിയാസിന്‍റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. നീതിക്കായുള്ള കുടുംബത്തിന്‍റെ പോരാട്ടത്തില്‍ പിന്‍തുണ പ്രഖ്യാപിച്ച് കൊണ്ടാണ് ഡി വൈ എഫ് ഐ നേതാക്കള്‍ ജുനൈദിന്‍റെ വീട്ടിലെത്തിയത്.


രാഷ്ടീയമായും നിയമപരമായും ജുനൈദിന്‍റെ കുടുംബത്തിനൊപ്പം നില്‍ക്കുമെന്ന് നേതാക്കള്‍ ഉറപ്പ് നല്‍കി. മുഹമ്മദ് റിയാസിനൊപ്പം ഡി വൈ എഫ് ഐ ജനറല്‍ സെക്രട്ടറി അവോയ് മുഖര്‍ജി ഉണ്ടായിരുന്നു.


കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്ന് ലഭിച്ച പിന്‍തുണ ഊര്‍ജം നല്‍കുന്നുവെന്നു പറഞ്ഞ ജുനൈദിന്‍റെ മാതാവ് ഡി വൈ എഫ് ഐ ഉയര്‍ത്തിയ പ്രതിരോധം ധൈര്യം പകര്‍ന്നെന്നും പറഞ്ഞു. ജുനൈദിന്‍റെ കൊലയ്ക്ക് ദൃക്സാക്ഷികളായ സഹോദരന്മാര്‍ക്ക് ഭീഷണിയുണ്ടെങ്കിലും സംരക്ഷണം സര്‍ക്കാരോ പൊലീസോ നല്‍കുന്നില്ലെന്നും മാതാവ് സൈറ പറഞ്ഞു.

ജുനൈദിനൊപ്പം ആക്രമണത്തിനിരയായ സഹോദരന്‍ ഷാക്കിര്‍ ട്രെയിനിലുണ്ടായ സംഭവങ്ങള്‍ വിവരിച്ചു. കൊടിയ മര്‍ദ്ദന്‍ത്തിനിരയായ ഷാക്കിര്‍ പൂര്‍ണ്ണ ആരോവ്യവാനായിട്ടില്ല. ഇതുപോലുള്ള നിരവധി കുടുംബങ്ങള്‍ ഭീതിയില്‍ കഴിയുന്നത് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍റെ ശ്രദ്ധയില്‍ പെടുത്തുമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.

കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കിടെ വര്‍ഗ്ഗീയ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട ന്യൂനപക്ഷ ~ദളിത് വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് വേണ്ടിയാണ് ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുന്നത്. നടന്‍ കമലഹാസനാണ് പരാതിയുടെ കരട് കഴിഞ്ഞ ദിവസം പ്രകാശനം ചെയ്തത്.



Sharing is Caring