
എം റിജു
കോഴിക്കോട്: കര്‍ക്കിടകമാസത്തില്‍ മാധ്യമം ദിനപ്പത്രത്തിലുടെ രാമായണ വിമര്‍ശനമെഴുതി വിവാദത്തിലായ ദലിത് ചിന്തകന്‍ ഡോ ടി എസ് ശ്യാംകുമാറിന് നബി മുത്തുരത്നം. 2022 ഒക്ടോബര്‍ 9ന് ട്രുകോപ്പി തിങ്ക് എന്ന ഓണ്‍ലൈന്‍ മാഗസിനില്‍ വന്ന ലേഖനത്തിലാണ്, ശ്രീനാരാണയണ ഗുരുവിന്റെ വാചകങ്ങള്‍ ഉന്നയിച്ച്, ഡോ ശ്യാം കുമാര്‍ നബിയെ പുകഴ്ത്തുന്നത്. ഈ ഇരട്ടത്താപ്പും, വണ്‍സൈഡ് നവോത്ഥാനവാദവും സോഷ്യല്‍ മീഡിയയില്‍ വലിയതോതില്‍ വിമര്‍ശിക്കപ്പെടുകയാണ്. എല്ലാമതങ്ങളും അതാതുകാലത്തിന്റെ സൃഷ്ടികള്‍ മാത്രമാണെന്നും, അതില്‍ ആവശ്യത്തിലേറെ അശാസ്ത്രീയതയും, സ്ത്രീവിരുദ്ധതതും ഒക്കെയുണ്ട് എന്ന് പറയേണ്ടതിന് പകരം, ഡോ ശ്യാംകുമാറിനെപ്പോലുള്ള അംബേദ്ക്കറൈറ്റുകള്‍ ഹിന്ദുമതത്തെ വളരെ മോശമായും, ഇസ്ലാമിനെ ചക്കരയായും ചിത്രീകരിക്കുന്നുവെന്നാണ് സ്വതന്ത്രചിന്തകര്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ത്തുന്ന വിമര്‍ശനം.

ട്രൂ കോപ്പിയിലെഴുതിയ ലേഖനത്തില്‍ ശ്രീനാരായണ ഗുരുവിനെയും നബിയെയും കൂട്ടിക്കെട്ടാനാണ് ഡോ ശ്യാം കുമാര്‍ ശ്രമിക്കുന്നത്. ”ഇന്ത്യയില്‍ നബിയെ കാരുണ്യത്തില്‍ ചാലിച്ചെഴുതിയ മറ്റൊരു വാക്യം ഇത്തരത്തില്‍ കണ്ടെത്താന്‍ കഴിയില്ല. അവനിവനെന്നറിയുന്നതൊക്കെ യോര്‍ത്താല്‍ അവനിയില്‍ ആദിമമായ ആത്മ രൂപമാണെന്നും, അപരന്നു വേണ്ടി അഹര്‍ന്നിശം പ്രയത്നം ചെയ്യുന്നവരാണ് കൃപാലുവെന്നും പറഞ്ഞ ഗുരുവിന് നബിയെ കാരുണ്യത്തിന്റെ രൂപമായല്ലാതെ രേഖപ്പെടുത്താന്‍ കഴിയുമായിരുന്നില്ല. അത്രയധികം ആഴത്തില്‍ ആത്മത്തെ അപരത്തില്‍ ഗുരു ദര്‍ശിച്ചു.
അപരമതവിദ്വേഷത്തിലധിഷ്ഠിതമായ ഹിംസാത്മക ഹിന്ദുത്വ ഭാവനകളുടെ മുസ്ലിം – ഇസ്ലാം വിദ്വേഷത്തെയും ഗുരുവിന്റെ ജീവിതം സാഹോദര്യ മൂല്യ തത്വങ്ങളിലൂടെ വിമര്‍ശവിധേയമാക്കുന്നുണ്ട്. അപകടകാരിയായ അപരമായി ഇസ്ലാമിനെ സ്ഥാനപ്പെടുത്തുന്ന വാദഗതികളെ ഗുരു ചിന്തകള്‍ സമ്പൂര്‍ണമായി തിരസ്‌കരിക്കുന്നു.
‘നാം മുസ്ലിമുകളുടെ കൂടെ വളരെ നാള്‍ വസിച്ചിട്ടുണ്ട്. അവരോടൊരുമിച്ച് ഒരേ പാത്രത്തില്‍ നിന്നും ഭക്ഷണം കഴിച്ചിട്ടുണ്ട്. മത്സ്യ മാംസങ്ങള്‍ അന്നുപയോഗിച്ചിട്ടുണ്ട്. അവരുടെ കുട്ടികളെ നാം എടുക്കുകയും ചോറുവാരി കൊടുക്കുകയും ചെയ്തിട്ടുണ്ട്’എന്നുള്ള ഗുരുവിന്റെ പ്രസ്താവനകള്‍ അപര വിദ്വേഷത്തിലും മുസ്ലിം വെറുപ്പിലും അടിയുറച്ച ഹിന്ദുത്വ വാദികള്‍ക്ക് ദഹിക്കുന്ന ഒന്ന”- ലേഖനത്തില്‍ ഡോ ശ്യാംകുമാര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇതേ നബി നടത്തിയ ക്രൂരതകളും, ഖുറാനിലടക്കമുള്ള അശാസ്ത്രീയതയും, അബന്ധങ്ങളും, മനുഷ്യത്യവരുദ്ധതയും എന്തുകൊണ്ട് ഡോ ശ്യാംകുമാര്‍ കാണുന്നില്ല എന്ന ചോദ്യമാണ് എക്സ്മുസ്ലീങ്ങളും സ്വതന്ത്രചിന്തകരും ചോദിക്കുന്നത്. രാമായണത്തെ വിമര്‍ശിക്കുമ്പോഴുള്ള അദ്ദേഹത്തിന്റെ യുക്തി ചിന്ത, ഖുര്‍ആനുനേരെ പ്രവര്‍ത്തിക്കാത്തത് എന്തുകൊണ്ട് എന്നും ചോദ്യമുയരുന്നു.
ഇത് ഇരട്ടത്താപ്പ്
എക്സ് മുസ്ലീമും, സ്വതന്ത്രചിന്തകനും ശാസ്ത്ര പ്രചാരകനുമായ ഡോ ആരിഫ് ഹുസൈന്‍ തെരുവത്ത് ഇങ്ങനെ പറയുന്നു. ”ഹിന്ദുമതത്തിന്റെ പത്തിരിട്ടി അശാസ്ത്രീയവും സ്ത്രീവിരുദ്ധതയുമുള്ള മതമാണ് ഇസ്ലാം. സോഷ്യല്‍ മീഡിയ വന്നതോടെ മുഹമ്മദ് നബിപോലും എയറിലാണ്. ആ സമയത്താണ് ഡോ ശ്യാംകുമാറിനെപ്പോലുള്ളവര്‍ ഇസ്ലാമിനെ വെളിപ്പിച്ചെടുക്കുന്നത്. എന്നിട്ട് മൗദൂദികളുടെ പത്രത്തില്‍ രാമായണത്തെ വിമര്‍ശിച്ച് ഹിന്ദുമതത്തില്‍ ഇന്നും ജാതി ചിന്തയാണെന്ന് പറഞ്ഞ്, സാധാരണക്കാരില്‍ അപകര്‍ഷതാബോധം സൃഷ്ടിക്കയാണ്. പച്ചയായ ജിഹാദി കൂട്ടിക്കൊടുപ്പ് എന്നാണ് ഇതിനെ പറയുക.”- ആരിഫ്് മറുനാടന്‍ മലയാളിയോടെ പ്രതികരിച്ചു.
ശ്യാം കുമാറിന്റെ പഴയ പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ട്, സ്വതന്ത്രചിന്തകനായ ടോമി സെബാസ്റ്റിയന്‍ ഇങ്ങനെ ട്രോളുന്നു. ” കരുണാവാന്‍ മുത്തു നബി നിജം!
മര്യാദപുരുഷന്‍ രാമന്‍ പൊയ്. അതുക്ക് എന്ന സത്തിയം. സത്തിയം പലത്!’. ഡോ ശ്യാകുമാറിനെ പാലക്കാട് യുക്തിവാദി സംഘത്തിന്റെ പരിപാടിയില്‍ പങ്കെടുപ്പിച്ചതിനെതിരെയും പലരും പ്രതിഷേധിക്കുന്നു. മതങ്ങളെ തൂക്കിനോക്കുമ്പോള്‍ കൈവിറക്കുന്നവരാണോ യുക്തിവാദികള്‍ എന്ന ചോദ്യവും ഉയരുന്നുണ്ട്.
‘മൗദൂദി രാമായണം’ വിവാദത്തില്‍
ജമാഅത്തെ ഇസ്ലാമിയുടെ ജിഹ്വ ആയ മാധ്യമം പത്രത്തില്‍ കര്‍ക്കിടകം ഒന്ന് മുതല്‍ രാമായണ വ്യാഖ്യാനമെന്ന പേരില്‍ ശ്യാം കുമാര്‍ എഴുതുന്ന കോളം, ഹിന്ദുക്കളെയും രാമനെയും അവഹേളിക്കുന്നതാണെന്നാണ് സംഘപരിവാര്‍ ആരോപിക്കുന്നത്. ഇതിന്റെ പേരില്‍ ഡോ ശ്യാം കുമാറിനുനേരെ വലിയ രീയിയില്‍ സൈബര്‍ ആക്രമണവും ഉണ്ടായിരുന്നു . അഡ്വ ജയശങ്കര്‍ ഈ കോളത്തെ ‘മൗദൂദി രാമായണം’ എന്ന് വിളിച്ചാണ് പരിഹസിച്ചത്.
മതമൗലികവാദികള്‍ക്ക് ഒപ്പം ചേര്‍ന്ന് ഹിന്ദുമതത്തെ ആക്ഷേപിച്ച, ഡോ ശ്യാം കുമാറിനെതിരെ കേസ് എടുക്കണമെന്നും സംഘപരിവാര്‍ ആവശ്യപ്പെടുന്നുണ്ട്. ‘രാമായണം വിമര്‍ശനത്തിനതീതമല്ലെന്നും എന്നാല്‍ രാമായണമാസം തന്നെ വേണമായിരുന്നോ വിമര്‍ശനം’ എന്നും ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല ചോദിക്കുന്നു. റമദാന്‍ മാസത്തില്‍ ഖുര്‍ആനെ വിമര്‍ശിക്കാനും എല്ലാവര്‍ക്കും ആളെക്കിട്ടുമെന്നും ശശികല തന്റെ ഫേസ്്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി. ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിലുള്ള പത്രം മനപൂര്‍വം ഹിന്ദുക്കളെ അവഹേളിക്കുന്നതിനായി ശ്യാംകുമാറിനെ വിലക്കെടുത്തിരിക്കുകയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാധ്യക്ഷന്‍ ആര്‍ വി ബാബു ആരോപിച്ചു. അഡ്വ. ബി ഗോപാലകൃഷ്ണന്‍ എന്നിവര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ലേഖനത്തെ കടന്നാക്രമിച്ചുകൊണ്ട് രംഗത്തെത്തി. മാധ്യമത്തിനെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണെന്ന്, ബിജെപി നേതാവ് അഡ്വ ബിഗോപാലകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
എന്നാല്‍, ഇപ്പോള്‍ ഉയര്‍ത്തുന്ന ആക്ഷേപങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ഡോ. ടി എസ് ശ്യാംകുമാര്‍ പ്രതികരിച്ചു. ‘ഹിന്ദുക്കളെയും രാമനെയും അവഹേളിക്കുന്നു എന്ന് മാത്രമാണ് വിമര്‍ശകര്‍ പറയുന്നത്. ഞാന്‍ കൃത്യമായി വാല്മീകി രാമായണത്തിലെയും എഴുത്തച്ഛന്‍ രാമായണത്തിലെയും ഭാഗങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് എഴുതിയ ലേഖന പരമ്പരയെ വസ്തുതാപരമായി ഖണ്ഡിക്കാന്‍ ഇതുവരെ ആര്‍ക്കും സാധിച്ചിട്ടില്ല. വിമര്‍ശനം ഉന്നയിക്കുന്നവരാരും താന്‍ ഉദ്ധരിച്ച വരികളോ ശ്ലോകങ്ങളോ തെറ്റാണെന്നോ അതിനെ അങ്ങനെയല്ല വ്യാഖ്യാനിക്കേണ്ടത് എന്നോ പറഞ്ഞിട്ടില്ല. എഴുത്തച്ഛന്‍ പറഞ്ഞിരിക്കുന്ന കാര്യം മാത്രമാണ് ഞാന്‍ ലേഖനത്തിലും പറഞ്ഞിട്ടുള്ളു. എഴുത്തച്ഛന്റെ തത്വചിന്തയെ കുറിച്ച് എഴുതിയ ലേഖനത്തില്‍ നിരവധി ശ്ലോകങ്ങള്‍ ഉദ്ധരിക്കുന്നുണ്ട് അതൊന്നും എഴുത്തച്ഛന്റെ രാമായണത്തില്‍ ഇല്ലാത്തതാണെന്ന് ഇപ്പോള്‍ സൈബര്‍ ആക്രമണത്തിന് നേതൃത്വം നല്‍കുന്നവര്‍ക്ക് പറയാന്‍ സാധിക്കുമോ?’- ശ്യാംകുമാര്‍ ചോദിക്കുന്നു. ‘രാമനെ ഏറ്റവും നീചമായ മനുഷ്യന്‍ എന്ന് വിശേഷിപ്പിച്ചത് ഡോ. ബി ആര്‍ അംബേദ്കറാണ്. ‘റിഡില്‍സ് ഓഫ് രാമ ആന്‍ഡ് കൃഷണ’ എന്ന പുസ്തകത്തിലാണ് അംബേദ്കര്‍ ഈ പ്രയോഗം നടത്തിയത്. അതുപോലെ അംബേദ്കര്‍ ഹിന്ദുത്വത്തെ വിമര്‍ശനാത്മകമായി വിലയിരുത്തി എഴുതിയ പുസ്തകമാണ് ‘റിഡില്‍സ് ഓഫ് ഹിന്ദുയിസം. വേദത്തെയും ശാസ്ത്രത്തെയും ഡയനാമൈറ്റ് വച്ച് തകര്‍ക്കണമെന്നാണ് അംബേദ്കര്‍ പറഞ്ഞത്. ഞാന്‍ അങ്ങനെയൊന്നും പറഞ്ഞില്ലല്ലോ?”- ഡോ ശ്യാം കുമാര്‍ ചോദിക്കുന്നു. കേസുണ്ടായാല്‍ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറയുന്നു. അതേസമയം എന്തുകൊണ്ട് ഇസ്ലാമിനെ പുകഴ്ത്തുന്നുവെന്ന ചോദ്യത്തിന് കൃത്യമായി മറുപടി പറയാനും അദ്ദേഹത്തിന് കഴിയുന്നില്ല.
