ഡിപി വേള്‍ഡ് ഇന്‍റർനാഷണല്‍ ലീഗ് ടി20 സീ ടിവി ചാനലുകളിലും സീ5ലും സംപ്രേക്ഷണം ചെയ്യും

കൊച്ചി: ലോകമെമ്പാടും ഏറ്റവുമധികം ആളുകള്‍ വീക്ഷിക്കുന്ന രണ്ടാമത്തെ ടി20 ക്രിക്കറ്റ് ലീഗായ ഡിപി വേള്‍ഡ് ഇന്‍റർനാഷണല്‍ ലീഗ് ടി20യുടെ (ഐഎല്‍ടി20) രണ്ടാം സീസണ്‍ 2024 ജനുവരി 19ന് ആരംഭിക്കും. ഇന്ത്യയിലും ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ക്ക് സീ എന്‍റർടൈൻമെന്‍റിന്‍റെ 10 ലീനിയര്‍ ടിവി ചാനലുകളിലും ഒടിടി പ്ലാറ്റ്ഫോമായ സീ5-ലും ലോകമെമ്പാടുമുള്ള പാര്‍ട്ണര്‍ ഡിജിറ്റല്‍ നെറ്റ് വര്‍ക്കുകളിലും തത്സമയം മത്സരങ്ങള്‍ കാണാം. ഐഎല്‍ടി20 ആദ്യ സീസണ്‍ മത്സരങ്ങള്‍ ലോകമെമ്പാടുമുള്ള 367 ദശലക്ഷം പേരാണ് കണ്ടത്. ഐപിഎല്‍ കഴിഞ്ഞാല്‍ റെക്കോര്‍ഡാണിത്.

2024 ജനുവരി 19 മുതല്‍ ഫെബ്രുവരി 17 വരെ അബുദാബി, ദുബായ്, ഷാര്‍ജ എന്നീ മൂന്ന് വേദികളിലായാണ് 34 മത്സരങ്ങളുള്ള ലീഗ് നടക്കുന്നത്. അബുദാബി നൈറ്റ് റൈഡേഴ്സ് (കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്), ഡെസേര്‍ട്ട് വൈപ്പേഴ്സ് (ലാന്‍സര്‍ ക്യാപിറ്റല്‍), ദുബായ് ക്യാപിറ്റല്‍സ് (ജിഎംആര്‍), ഗള്‍ഫ് ജയന്‍റ്സ് (അദാനി സ്പോര്‍ട്സ്ലൈന്‍), എംഐ എമിറേറ്റ്സ് (റിലയന്‍സ് ഇന്‍ഡസ്ട്രീസ്), ഷാര്‍ജ വാരിയേഴ്സ് (കാപ്രി വാരിയേഴ്സ്) എന്നിവയാണ് ലീഗിലെ ആറ് ഫ്രാഞ്ചൈസി ടീമുകള്‍. ഡേവിഡ് വാര്‍ണര്‍, ദസുന്‍ ഷനക, റഹ്‌മാനുള്ള ഗുര്‍ബാസ്, സാം ബില്ലിംഗ്‌സ്, ഡേവിഡ് വില്ലി, സുനില്‍ നരെയ്ന്‍, ആന്ദ്രെ റസ്സല്‍, അലക്‌സ് ഹെയ്ല്‍സ്, ടോം കറന്‍, റോവ്മാന്‍ പവല്‍, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, ജെയിംസ് വിന്‍സ്, അമ്പാട്ടി റായിഡു, കോറി ആന്‍ഡേഴ്‌സണ്‍, ഡ്വെയ്ന്‍ ബ്രാവോ, കീറോണ്‍ പൊള്ളാര്‍ഡ്, ട്രെന്‍റ് ബോള്‍ട്ട്, ക്രിസ് വോക്‌സ്, മാര്‍ട്ടിന്‍ ഗുപ്റ്റില്‍ എന്നിവരുള്‍പ്പെടെ പ്രമുഖ ക്രിക്കറ്റ് താരങ്ങള്‍ സീസണ്‍ 2-ല്‍ കളിക്കുന്നുണ്ട്.

ഒരു മത്സരം മാത്രമുള്ള ദിവസങ്ങളില്‍ ഇന്ത്യന്‍ സമയം രാത്രി എട്ടുമണിക്ക് തല്‍സമയ സംപ്രേഷണം ആരംഭിക്കും. ഡബിള്‍ ഹെഡ്ഡര്‍ ദിനത്തിലെ ഉച്ചകഴിഞ്ഞുള്ള മത്സരം വൈകിട്ട് 4 മണിക്ക് ആരംഭിക്കും. 15 മത്സരങ്ങള്‍ ദുബായിലും 11 മത്സരങ്ങള്‍ അബുദാബിയിലും നടക്കും. എട്ട് മത്സരങ്ങള്‍ക്കാണ് ഷാര്‍ജ വേദിയാവുക. ഓരോ ടീമിനും അഞ്ച് ഹോം, എവേ മത്സരങ്ങള്‍ വീതം ഉണ്ടാവും. ടിക്കറ്റ് സംബന്ധിച്ച വിശദാംശങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും.

ഡിപി വേള്‍ഡ് ഐഎല്‍ടി20 രണ്ടാം സീസണ്‍ അവതരിപ്പിക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്ന് സീ എന്‍റർടൈൻമെന്‍റ് എന്‍ഫർപ്രൈസസ് ലിമിറ്റഡ് പ്രസിഡന്‍റ് രാഹുല്‍ ജോഹ്രി പറഞ്ഞു. ലീഗിലൂടെ ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ക്ക് രോമാഞ്ചം സൃഷ്ടിക്കുന്ന അനുഭവം വാഗ്ദാനം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഡിപി വേള്‍ഡ് ഐഎല്‍ടി20 സീസണ്‍ 2 ഷെഡ്യൂള്‍ പ്രഖ്യാപിക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്ന് ഡിപി വേള്‍ഡ് ഐഎല്‍ടി20 സിഇഒ ഡേവിഡ് വൈറ്റ് പറഞ്ഞു. ആദ്യ സീസണ്‍ പോലെ തന്നെ, മൂന്ന് മികച്ച ക്രിക്കറ്റ് വേദികളിലായി ആവേശമുണര്‍ത്തുന്ന 34 മത്സരങ്ങള്‍ നല്‍കാന്‍ ഞങ്ങള്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *