തെഹ്‌റാനിൽ നിന്ന് എല്ലാവരും ഒഴിയണമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്റെ ഔദ്യോഗിക ട്രൂത്ത് പോസ്റ്റിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം. ഇറാനോട് ഡീൽ ഒപ്പിടാൻ പറഞ്ഞപ്പോൾ അത് ചെയ്യണമായിരുന്നു. മനുഷ്യജീവിതം ഇല്ലാതാക്കുന്നത് എന്തൊരു ലജ്ജാകരമാണ്. എല്ലാവരും ഉടൻ തെഹ്‌റാനിൽ നിന്ന് ഒഴിഞ്ഞു പോകണമെന്നായിരുന്നു ട്രംപിന്റെ സോഷ്യൽ ട്രൂത്ത് വഴിയുള്ള പ്രതികരണം.എത്രയും പെട്ടെന്ന് ഇറാന്‍ ചര്‍ച്ചയ്ക്ക് തയ്യാറാവണമെന്നാണ് ഇന്നലെ ട്രംപ് പറഞ്ഞിരുന്നു. ‘അമേരിക്ക എക്കാലത്തും ഇസ്രയേലിനെ പിന്തുണച്ചിട്ടുണ്ട്.
ഇറാന്‍ ഈ യുദ്ധത്തില്‍ ജയിക്കാന്‍ പോകുന്നില്ല. അവര്‍ ഇപ്പോള്‍ ചര്‍ച്ച ആഗ്രഹിക്കുന്നുണ്ട്. പക്ഷെ അവര്‍ അത് മുന്‍പേ ചെയ്യണമായിരുന്നു. 60 ദിവസത്തിലധികം ലഭിച്ചില്ലേ. യുദ്ധം അവസാനിപ്പിക്കണമെങ്കില്‍ ഒരുപാട് വൈകുന്നതിന് മുമ്പ് ഇറാന്‍ ചര്‍ച്ച നടത്തണം എന്നാണ് ട്രംപ് അറിയിച്ചത്.ഇറാനെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ആക്രമണം നിർത്താൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് പറയണമെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി ട്രംപിനോട് ആവശ്യപ്പെട്ടിരുന്നു.

നെതന്യാഹുവിനെപ്പോലുള്ള ഒരാളെ വായടപ്പിക്കാൻ വാഷിംഗ്ടണിൽ നിന്നുള്ള ഒരു ഫോൺ കോൾ മതിയെന്ന് അദ്ദേഹം എക്സിൽ കുറിക്കുകയും ചെയ്തിരുന്നു. ബെഞ്ചമിൻ നെതന്യാഹു ഒരു യുദ്ധ കുറ്റവാളിയാണ്. സ്വന്തം യുദ്ധങ്ങൾക്കായി തുടർച്ചയായുള്ള യുഎസ് പ്രസിഡന്റുമാരെ മൂന്ന് പതിറ്റാണ്ടുകളായി കബളിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു വഞ്ചകൻ കൂടിയാണ് അദ്ദേഹം. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് നിരപരാധികളായ സാധാരണക്കാരെ കൊന്നൊടുക്കുകയാണ് നെതന്യാഹുവിന്റെ ക്രിമിനൽ ആക്രമണത്തിന്റെ ഉദ്ദേശ്യമെന്നും ഇറാൻ വിദേശകാര്യ മന്ത്രി ആരോപിച്ചിരുന്നു.













