ഇന്ത്യൻ സംസ്കാരത്തിന്റെ ബഹുസ്വരതയെ സംരക്ഷിക്കേണ്ടത് യുവജനങ്ങളുടെ കർത്തവ്യമാണെന്ന് ബൃന്ദ കാരാട്ട് അഭിപ്രായപ്പെട്ടു. ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ സംസ്കൃതം സാഹിത്യ വിഭാഗം സംഘടിപ്പിച്ച രണ്ടാമത് പ്രൊഫസർ ധർമ്മരാജ് അടാട്ട് എൻഡോമെന്റ് പ്രഭാഷണം സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ യൂട്ടിലിറ്റി സെന്ററിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അവർ. ‘സംസ്കാരവും സമത്വവും വർത്തമാനകാല ഇന്ത്യൻ സാഹചര്യത്തിൽ’ എന്നതായിരുന്നു വിഷയം. സംസ്കാരം എന്നത് നിരന്തരം മാറ്റങ്ങൾക്ക് വിധേയമാകുന്ന ഒന്നാണ്.
മനുഷ്യനെ കേവലം ഉപഭോക്താവായി മാറ്റുന്ന സംസ്കാരമാണ് നിലവിൽ വളർന്നുകൊണ്ടിരിക്കുന്നത്. ഭരണഘടനയ്ക്ക് വിരുദ്ധമായ മനുസ്മൃതിയുടെ ആശയങ്ങളാണ് സമകാലിക ഇന്ത്യൻ സാഹചര്യത്തിൽ ഉയർന്നുവരുന്നത് എന്നും ഇതിനെ ചെറുക്കേണ്ടത് യുവജനതയുടെ കർത്തവ്യമാണ്, ബൃന്ദ കാരാട്ട് പറഞ്ഞു. ചടങ്ങിൽ സംസ്കൃതം സാഹിത്യ വിഭാഗം തലവൻ പ്രൊഫ. കെ. വി. അജിത്കുമാർ അധ്യക്ഷനായിരുന്നു. ഡോ. ധർമ്മരാജ് അടാട്ട് രചിച്ച നാല് പുസ്തകങ്ങളുടെ പ്രകാശനവും ചടങ്ങിൽ നടന്നു. ഡോ. ധർമ്മരാജ് അടാട്ട്, ഡോ. ടി. മിനി, ഡോ. സത്യൻ മലയിൽ, അഡ്വ. തുളസി ടീച്ചർ, ഡോക്ടർ കെ. എൽ. പത്മദാസ് എന്നിവർ പ്രസംഗിച്ചു.