അഞ്ചാം ഐ.പി.എല്‍ കിരീടനേട്ടത്തില്‍ ക്രിക്കറ്റ് ആരാധകരുടെയെല്ലാം ഹൃദയം കവര്‍ന്ന് ചെന്നൈ നായകൻ എം.എസ് ധോണി.ക്യാപ്റ്റന്മാര്‍ കിരീടം ഏറ്റുവാങ്ങുന്ന പതിവുരീതി സ്വീകരിക്കാതെയാണ് ധോണി ഇന്നലെ ഞെട്ടിച്ചത്. പകരം ടീമിനെ ത്രില്ലര്‍ വിജയത്തിലേക്ക് നയിച്ച വിജയശില്‍പികളെ കിരീടം ഏറ്റുവാങ്ങാൻ ക്ഷണിക്കുകയായിരുന്നു ധോണി. ബി.സി.സി.ഐ അധ്യക്ഷൻ റോജര്‍ ബിന്നിയില്‍നിന്നും സെക്രട്ടറി ജയ് ഷായില്‍നിന്നും ഐ.പി.എല്‍ കിരീടം ഏറ്റുവാങ്ങാൻ അവതാരകൻ ക്ഷണിച്ചപ്പോള്‍ ധോണി അംബാട്ടി റായുഡുവിനെയും രവീന്ദ്ര ജഡേജയെയും വിളിച്ച് തന്നോടൊപ്പം കിരീടം ഏറ്റുവാങ്ങാൻ താരങ്ങളോട് ആവശ്യപ്പെടുകയായിരുന്നു.
ഇതോടൊപ്പം കൈവിട്ടുപോയ മത്സരത്തില്‍നിന്ന് അസാധ്യ ഇന്നിങ്‌സിലൂടെ ടീമിനെ വിജയത്തിലേക്ക് നയിച്ച ചാംപ്യൻ ജഡേജയ്ക്കുകൂടിയുള്ള അംഗീകാരമായിരുന്നു ധോണിയുടെ നടപടി. അവസാന ഓവറില്‍ ജയിക്കാൻ 13 റണ്‍സ് വേണ്ട സമയത്ത് മോഹിത് ശര്‍മയുടെ മികച്ച ബൗളിങ്ങില്‍ തോല്‍വിയിലേക്ക് നീങ്ങിയ ടീമിനെയാണ് അവസാന രണ്ടു പന്തുകളില്‍ സിക്‌സറും ഫോറും പറത്തി ജഡേജ വിജയത്തിലേക്ക് നയിച്ചത്. സീസണിലുടനീളം ബൗളിങ്ങില്‍ പലഘട്ടത്തില്‍ ടീമിനു വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത താരത്തിനു പക്ഷെ ഫൈനലില്‍ പന്തുകൊണ്ട് തിളങ്ങാനായിരുന്നില്ല. നാല് ഓവറില്‍ ഒരു വിക്കറ്റ് നേടിയെങ്കിലും പതിവില്‍നിന്നു വിപരീതമായി 38 റണ്‍സ് വഴങ്ങി. എന്നാല്‍, നിര്‍ണായക നിമിഷത്തില്‍ ടീമിനെ ബാറ്റിലൂടെ കൈപിടിച്ചുയര്‍ത്തുകയായിരുന്നു.

ടീമില്‍ ജഡേജ അത്ര നല്ല നിലയിലല്ലെന്ന് വാര്‍ത്തകള്‍ വരുന്നതിനിടെയായിരുന്നു ഈ ഇന്നിങ്‌സ്. ഈ വിജയം നായകൻ ധോണിക്കു സമര്‍പ്പിക്കുകയാണെന്ന് മത്സരശേഷം താരം പ്രഖ്യാപിക്കുകയും ചെയ്തു. ഫൈനലോടെ ഐ.പി.എല്‍ വിരമിക്കല്‍ പ്രഖ്യാപിച്ച റായുഡുവിനും ഏറ്റവും ഉചിതമായൊരു ആദരം നല്‍കുകയായിരുന്നു ധോണി. മുംബൈയിലൂടെ അരങ്ങേറ്റം കുറിച്ച റായുഡു ചെന്നെയുടെ അവിഭാജ്യഘടകമായി മാറുകയായിരുന്നു പിന്നീട്. ഇരുടീമുകള്‍ക്കുമായി 204 മത്സരങ്ങളിലാണ് താരം കളത്തിലിറങ്ങിയത്. താരങ്ങള്‍ കിരീടവുമായി ആഘോഷം തുടരുമ്ബോഴും ധോണി കൂട്ടത്തിലുണ്ടായിരുന്നില്ല. ഗ്രൗണ്ടിലൂടെ ഒറ്റയ്ക്ക് വലംവച്ച് ആരാധകര്‍ക്ക് അഭിവാദ്യമര്‍പ്പിക്കുകയും നന്ദിപ്രകടനം നടത്തുകയും ചെയ്തു അദ്ദേഹം. അതോടൊപ്പം ഗ്രൗണ്ട് സ്റ്റാഫ് ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും താരം ചെയ്തു.
T












