പാകിസ്ഥാനിലെ കറാച്ചിയിൽ സൗജന്യ ഭക്ഷണവിതരണ സ്ഥലത്തെ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം 12 ആയി ഉയർന്നു. നേരത്തെ 11 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. മരിച്ചവരിൽ എട്ടു സ്ത്രീകളും മൂന്നു കുട്ടികളും ഉണ്ട്. കറാച്ചിയിലെ സൈറ്റ് ഏരിയയിലുള്ള എഫ്കെ ഡൈയിങ് കമ്പനി പാവപ്പെട്ടവർക്കായി ഭക്ഷണ വിതരണം നടത്തിയപ്പോൾ തടിച്ചുകൂടിയത് നാനൂറിൽ അധികം സ്ത്രീകളാണ്. ആൾത്തിരക്ക് നിയന്ത്രണാതീതമായത്തോടെ കമ്പനി അധികൃതർ വാതിലടച്ചു.
ഇതോടെ അകത്ത് തിക്കും തിരക്കും തുടങ്ങുകയായിരുന്നു. ബഹളത്തിനിടെ, അസഹ്യമായ ചൂട് താങ്ങാനാവാതെ കുഴഞ്ഞു വീണവരാണ് മരണത്തിനു കീഴടങ്ങിയത്.സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ പാകിസ്ഥാനിൽ, കഴിഞ്ഞ ഏതാനും ആഴ്ചകളായി കടുത്ത ഭക്ഷ്യ ക്ഷാമമാണ്. ഭക്ഷ്യധാന്യ വിലകളിൽ കഴിഞ്ഞ വർഷത്തേതിനേക്കാൾ 45 ശതമാനത്തിന്റെ വർധനവുണ്ടായതോടെ, ഒരു നേരത്തെ ഭക്ഷണം പണം കൊടുത്തു വാങ്ങാൻ പോലും ആവാത്തത്ര കൊടിയ ദാരിദ്ര്യത്തിലേക്ക് രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഉള്ള ജനങ്ങൾ വഴുതി വീണുകഴിഞ്ഞു.














