രാമനവമി ഘോഷയാത്രയോട് അനുബന്ധിച്ച് ബീഹാറിലെ നളന്ദയിൽ വിഭാഗങ്ങൾ തമ്മിൽ സംഘർഷം. 14 പേർക്ക് പരിക്കേറ്റു. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ബംഗാളിലെ ഹൗറയിൽ തുടർച്ചയായി രണ്ടു ദിവസം ഉണ്ടായ സംഘർഷങ്ങളുടെ അന്വേഷണം ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (സിഐഡി) ഏറ്റെടുത്തു.
അന്വേഷണസംഘം പ്രദേശം സന്ദർശിച്ച് തെളിവെടുപ്പ് നടത്തി. ബംഗാൾ സംഘർഷത്തിൽ ഗവർണർ സി വി ആനന്ദബോസ് ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിക്കും. ഇന്നലെ വൈകിട്ടാണ് അന്വേഷണം സിഐഡി സംഘത്തിന് കൈമാറിയത്.

ഐജി സുനിൽ ചൗധരിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഹൗറയിലെ സംഘർഷ മേഖലകൾ സന്ദർശിച്ച് പ്രാഥമിക തെളിവെടുപ്പ് നടത്തി. സംഘർഷപ്രദേശത്ത് കേന്ദ്രസേനയെ വിന്യസിക്കണം എന്ന് ആവശ്യപ്പെട്ട് ബിജെപി കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്ത് നൽകിയിരുന്നു.













