പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുന്ന തരത്തില്‍ ഫേസ്ബുക്ക് പോസ്റ്റിട്ടെന്നാരോപിച്ച് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെതിരെ കേസെടുത്തു. കളമശ്ശേരി പൊലീസാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.മെഡിക്കല്‍ കോളേജിലെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരെ കളമശ്ശേരിയില്‍ ശനിയാഴ്ച്ച കരിങ്കൊടി പ്രതിഷേധം നടന്നിരുന്നു.
പ്രതിഷേധത്തിനിടെ കെഎസ്‌യു ജില്ലാ സെക്രട്ടറി മിവ ജോളിയുടെ കോളറില്‍ പിടിച്ച് ഒരു പൊലീസ് ഉദ്യോസ്ഥന്‍ വലിച്ചിഴക്കുന്നതിന്റെ ദൃശ്യങ്ങള്‍ വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. തുടര്‍ന്ന് മുഹമ്മദ് ഷിയാസ് പങ്കുവെച്ച് ഫേസ്ബുക്ക് പോസ്റ്റാണ് കേസിനാസ്പദം. ‘ഒരു പരിധി വിട്ടാല്‍ ഈ കൈ അവിടെ വേണ്ട എന്ന് വയ്ക്കും, കളി കോണ്‍ഗ്രസിനോട് വേണ്ട’, എന്നാണ് ഷിയാസിന്റെ പ്രതികരണം.













