കോഴിക്കോട്: കോഴിക്കോട്ടെ ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തിൽ പൊലീസ് റിപ്പോർട്ട് പൂർണ്ണമായി തള്ളി പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷന്‍.നാല് ദിവസത്തിനകം പുതിയ റിപ്പോർട്ട് സമർപ്പിക്കണമെന്ന് പൊലീസിന് നിര്‍ദേശം നല്‍കി. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ഇൻക്വസ്റ്റ് നടത്താത്തത് വീഴ്ചയാണെന്ന് പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷന്‍ നിരീക്ഷിച്ചു . ഇതൊരു സാധാരണ കേസായാണോ കണ്ടതെന്ന് പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷന്‍ ചോദിച്ചു.
പട്ടികവർഗ്ഗ പ്രമോട്ടറുടെ മൊഴിയെടുക്കണമെന്നും പട്ടികജാതി പട്ടികവർഗ്ഗ പീഡന നിരോധന നിയമപ്രകാരം തന്നെ കേസെടുക്കണമെന്ന് പൊലീസിനോട് കമ്മീഷന്‍ നിർദേശിച്ചു. അസ്വാഭാവിക മരണത്തിന് മാത്രമായി കേസെടുക്കുന്നത് ശരിയല്ലെന്നും പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷന്‍ കമ്മീഷൻ ബി എസ് മാവോജി പറഞ്ഞു. ഒരാൾ വെറുതെ ആത്മഹത്യ ചെയ്യില്ലല്ലോ എന്നും കമ്മീഷൻ ചോദിച്ചു. കറുത്ത നിറമുള്ള ആളുകളെ കാണുമ്പോൾ ഉള്ള മനോഭാവം മാറണം. നിറം കറുപ്പായതിനാലും മോശം വസ്ത്രം ആയതിനാലും വിശ്വനാഥനെ ആളുകൾ കളിയാക്കി കാണും. ഇല്ലാത്തക്കുറ്റം ആരോപിച്ച് ആളുകൾ പീഡിപ്പിച്ചു കാണുമെന്നും പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷന്‍ നിരീക്ഷിച്ചു. റിപ്പോർട്ട് സമർപ്പിക്കാൻ നേരിട്ട് ഹാജരായ അസിസ്റ്റന്‍റ് കമ്മീഷണറോടാണ് കമ്മീഷന്‍റെ നിർദേശം.














