എറണാകുളം-ബെംഗളൂരു റൂട്ടില്‍ പുതിയ വന്ദേഭാരത് എക്‌സ്പ്രസ് അയക്കാന്‍ തയാറെടുത്ത് ദക്ഷിണറെയില്‍വേ

എറണാകുളം-ബെംഗളൂരു റൂട്ടില്‍ പുതിയ വന്ദേഭാരത് എക്‌സ്പ്രസ് അയക്കാന്‍ തയാറെടുത്ത് ദക്ഷിണറെയില്‍വേ. പെരമ്പൂര്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി (ഐ.സി.എഫ്.) യില്‍നിന്ന് അനുവദിച്ച പുതിയ വന്ദേ ഭാരത് എക്‌സ്പ്രസാണ് മൂന്നു സംസ്ഥാനങ്ങളിലൂടെയുള്ള യാത്രയ്ക്ക് തയാറെടുത്തിരിക്കുന്നത്.കഴിഞ്ഞദിവസം ഐ.സി.എഫ്. ആറ്് വന്ദേഭാരത് തീവണ്ടികള്‍ ആറ് സോണുകള്‍ക്കായി അനുവദിച്ചിരുന്നു.

ദക്ഷിണറെയില്‍വേയിലെ ഏറ്റവും തിരക്കേറിയ റൂട്ടുകളിലൊന്നായ എറണാകുളത്തുനിന്ന് ബെംഗളൂരുവിലേക്ക് സര്‍വീസ് നടത്തുന്നതിന്റെ സാധ്യതകള്‍ റെയില്‍വേ നേരത്തെ തന്നെ പരിശോധിച്ചിരുന്നു. ഇതു വലിയ വിജയം അവുമെന്നാണ് അന്ന് കിട്ടിയ റിപ്പോര്‍ട്ടുകള്‍.
രാവിലെ അഞ്ചിന് എറണാകുളം ജങ്ഷനില്‍നിന്ന് പുറപ്പെടുന്ന തീവണ്ടി ഉച്ചയ്ക്ക് 1.35-ന് കെ.എസ്.ആര്‍. ബെംഗളൂരു റെയില്‍വേ സ്റ്റേഷനിലെത്തും.

തിരിച്ച് ഉച്ചയ്ക്ക് 2.05-ന് പുറപ്പെടുന്ന തീവണ്ടി രാത്രി 10.45-ന് എറണാകുളം ജങ്ഷനിലെത്തും. തൃശ്ശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, ഈറോഡ്, സേലം എന്നിവിടങ്ങളില്‍ സ്റ്റോപ്പുകളുണ്ടാകുമെന്ന് റെയില്‍വേവൃത്തങ്ങള്‍ വ്യക്തമാക്കി. പുതിയ വന്ദേഭാരത് എത്തുന്നതോടെ സ്വകാര്യബസുകളുടെ കഴുത്തറപ്പ് ടിക്കറ്റിന് അറുതിവരുമെന്നാണ് കരുതുന്നത്.പുതുതായി പുറത്തിറക്കി വന്ദേഭാരതില്‍ ഒന്ന് ദക്ഷിണ റെയില്‍വേക്കും മറ്റൊന്ന് സൗത്ത് സെന്‍ട്രല്‍ റെയില്‍വേക്കുമാണ് അയച്ചിരിക്കുന്നത്.

മറ്റ് നാലുസോണുകളായ വെസ്റ്റേണ്‍ റെയില്‍വേ, നോര്‍ത്ത് ഈസ്റ്റ് ഫ്രണ്ടിയര്‍ റെയില്‍വേ, ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ, ഈസ്റ്റ് കോസ്റ്റ് റെയില്‍വേ എന്നിവിടങ്ങളിലേക്കുള്ള വന്ദേഭാരത് റേക്കുകള്‍ അടുത്ത ദിവസങ്ങളില്‍ ഐ.സി.എഫില്‍നിന്ന് അയക്കും. 2019 മുതല്‍ ഈ വര്‍ഷം ജനുവരി വരെയുള്ള കാലയളവില്‍ 41 വന്ദേഭാരത് വണ്ടികളാണ് ഇറക്കിയത്. ആറെണ്ണം കൂടി സര്‍വീസ് ആരംഭിക്കുന്നതോടെ രാജ്യത്ത് സര്‍വീസ് നടത്തുന്ന വന്ദേഭാരത് വണ്ടികള്‍ 47 എണ്ണം ആകും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *