കോഴിക്കോട്: തിരഞ്ഞെടുപ്പ് കാലയളവില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും സോഷ്യല്‍മീഡിയയിലൂടെയും പ്രചരിക്കുന്ന പൊരുമാറ്റച്ചട്ടങ്ങള്‍ക്ക് വിരുദ്ധമായ സന്ദേശങ്ങളുടെ സ്രോതസ് കണ്ടെത്തുന്നതിന് സൈബര്‍സെല്‍ അന്വേഷണം തുടങ്ങി. കളക്ടറേറ്റിലെ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിട്ടറിംഗ് സെല്‍(എം.സി.എം.സി) കണ്ടെത്തിയ ഗുരുതരമായ വ്യക്തിഹത്യയുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍, അനഭിമതമായ ഉള്ളടക്കമുള്ള മറ്റ് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എന്നിവയെക്കുറിച്ചുള്ള സമഗ്ര റിപ്പോര്‍ട്ട് പെരുമാറ്റച്ചട്ടം സംബന്ധിച്ച സമിതിക്ക് (എം.സി.സി) സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടാണ് സൈബര്‍ സെല്ലിന്റെ അന്വേഷണത്തിനായി കൈമാറിയതെന്ന് എം.സി.സി. നോഡല്‍ ഓഫീസര്‍ കെ.എം.ശശിധരന്‍ അറിയിച്ചു. ഇലക്ഷന്‍ കമ്മിഷന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശമനുസരിച്ച് ജനപ്രാതിനിധ്യ നിയമപ്രകാരവും ഐ.ടി.ആക്ട് പ്രകാരവും നിയമവിരുദ്ധമായ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കും. വ്യക്തിഹത്യാപരമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടറിന്റെ ഐ പി അഡ്രസ് കണ്ടെത്തുന്നതിലൂടെ കമ്പ്യൂട്ടര്‍ ഉടമയെ തിരിച്ചറിയനാകും. ദുരുപയോഗത്തിനെതിരെ ഇന്റര്‍നെറ്റ് കഫേ ഉടമകളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ അറിയിച്ചു.
FLASHNEWS