ക്യൂബയില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യ മാര്‍ച്ച്. ക്യൂബന്‍ പ്രസിഡന്റ് മിഗ്വല്‍ ഡിയാസ് കനാലിന്റെ നേതൃത്വത്തില്‍ ആയിരക്കണക്കിന് ആളുകളാണ് വ്യാഴാഴ്ച ഹവാനയിലെ ഐതിഹാസിക ബോര്‍ഡ്വാക്കിലൂടെ മാര്‍ച്ച് ചെയ്തത്. കറുപ്പും വെളുപ്പും കലര്‍ന്ന പലസ്തീനിയന്‍ കെഫിയെ ധരിച്ചാണ് ക്യൂബന്‍ പ്രസിഡന്റ് മാര്‍ച്ചില്‍ പങ്കെടുത്തത്. ഡിയാസ് കനാലിനൊപ്പം പ്രധാനമന്ത്രി മാനുവല്‍ മാരേറോ, വിദേശകാര്യ മന്ത്രി ബ്രൂണോ റോഡ്രിഗസ് അടക്കമുള്ള ക്യൂബയുടെ പ്രധാന നേതാക്കളും മാര്‍ച്ചില്‍ അണിനിരന്നു. രണ്ട് കിലോമീറ്റര്‍ ദൂരം കാല്‍നടയായിട്ടായിരുന്നു ക്യൂബന്‍ പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള പലസ്തീന്‍ ഐക്യദാര്‍ഢ്യ മാര്‍ച്ച്.
‘ഫാസിസ്റ്റ് യാങ്കീസ്, നിങ്ങള്‍ തീവ്രവാദികളാണ്’ എന്ന മുദ്രാവാക്യം മുഴക്കിയുള്ള മാര്‍ച്ച് അമേരിക്കന്‍ എംബസിക്ക് മുന്നിലൂടെയായിരുന്നു കടന്ന് പോയത്.പരസ്പര സഹകരണ പരിപാടിയുടെ ഭാഗമായി ക്യൂബയിലെത്തിയ പലസ്തീന്‍ മെഡിക്കല്‍ വിദ്യാര്‍ഥികളും മാര്‍ച്ചില്‍ പങ്കാളികളായി. ‘പലസ്തീനെ സ്വതന്ത്ര്യമാക്കുക’ എന്നെഴുതിയ പോസ്റ്ററുകളുമായി നിരവധി യുവാക്കളാണ് മാര്‍ച്ചില്‍ അണിനിരന്നത്. മറ്റുചിലര്‍ ‘സ്വതന്ത്രം, സ്വതന്ത്ര പലസ്തീന്‍, ഇസ്രയേലിന്റേത് വംശഹത്യയാണ്, പലസ്തീന്‍ സ്വാതന്ത്ര്യത്തിനൊപ്പം’ എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് മാര്‍ച്ചിന്റെ ഭാഗമായത്.














