ജിഎസ്ടി തട്ടിപ്പിനും ബഡ്‌സ് ആക്ട് പ്രകാരവും നടപടി നേരിടുന്ന ഹൈറിച്ച് ഗ്രൂപ്പിനെതിരെ ക്രിപ്‌റ്റോ കറന്‍സി നിക്ഷേപ തട്ടിപ്പും. തൃശൂര്‍ ആറാട്ടുപുഴ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഹൈറിച്ച് സ്മാര്‍ട്ടെക് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കെതിരെ എറണാകുളം പനമ്പള്ളി നഗര്‍ സ്വദേശി എംജെ മനു ആണ് പരാതി നല്‍കിയത്. കെഡി പ്രതാപനും ഭാര്യ ശ്രീന പ്രതാപനും നേതൃത്വം നല്‍കുന്ന കമ്പനിക്കെതിരെ എറണാകുളം ടൗണ്‍ സൗത്ത് പൊലീസ് സ്റ്റേഷനിലാണ് പരതി നല്‍കിയത്.
ക്രിപ്‌റ്റോ കറന്‍സിയില്‍ പണം നിക്ഷേപിച്ചാല്‍ 15 ശതമാനം പലിശയും 500 ശതമാനത്തിലധികം വാര്‍ഷിക ലാഭവും വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്നാണ് പരാതി. കമ്പനിയുടെ എച്ച്ആര്‍ ക്രിപ്‌റ്റോ കറന്‍സിയില്‍ പുതിയ ആളുകളെ ചേര്‍ക്കുമ്പോള്‍ 30 ശതമാനം ഡയറക്ട് റഫറല്‍ വരുമാനവും കൂടുതലായി ചേര്‍ക്കുന്ന ആളുകളില്‍ നിന്ന് മൂന്ന് ശതമാനം വീതവും വരുമാനം വാഗ്ദാനം ചെയ്തിരുന്നു.തട്ടിപ്പിനായി ഇതുവരെ ഒരു എക്‌സ്‌ചേഞ്ചിലും ലിസ്റ്റ് ചെയ്യാത്ത വ്യാജ ക്രിപ്‌റ്റോ കറന്‍സിയായ എച്ച്ആര്‍സി കോയിന്റെ വെബ്‌സൈറ്റ് കാണിച്ച് വിശ്വസിപ്പിച്ചതായും പരാതിയില്‍ പറയുന്നു.

അതേസമയം ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡിനെതിരെ ശ്രീകൃഷ്ണപുരം പൊലീസ് സ്റ്റേഷനില്‍ ഒരു പരാതി കൂടി ലഭിച്ചു. കിണാശേരി സ്വദേശി സുധീഷ് കുമാര്‍ ആണ് പരാതി നല്‍കിയിട്ടുള്ളത്.സ്ഥാപനത്തില്‍ നിക്ഷേപം നടത്തി കബളിപ്പിക്കപ്പെട്ടുവെന്നാണ് സുധീഷ് കുമാറിന്റെ പരാതി. തന്റെ നാല് സുഹൃത്തുക്കളെ നിക്ഷേപത്തില്‍ ചേര്‍ത്തതായും എന്നാല്‍ പണം തിരികെ ലഭിച്ചില്ലെന്നും സുധീഷിന്റെ പരാതിയില്‍ പറയുന്നു. നിക്ഷേപ തട്ടിപ്പില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് മുന്‍ എംഎല്‍എ അനില്‍ അക്കര ആഭ്യന്തര വകുപ്പ് അഡീഷണല്‍ സെക്രട്ടറിക്ക് പരാതി നല്‍കിയിട്ടുണ്ട്.













