ഗ്രൂപ്പ് ഫോട്ടോയ്ക്കിടെ ജർമ്മൻ വനിതാ മന്ത്രിയെ ചുംബിക്കാൻ ക്രൊയേഷ്യൻ വിദേശകാര്യ മന്ത്രി ശ്രമിച്ചത് വിവാദത്തിൽ

ഗ്രൂപ്പ് ഫോട്ടോയ്ക്കിടെ ക്രൊയേഷ്യൻ വിദേശകാര്യ മന്ത്രി ഗോർഡൻ ഗ്രിലിക് റാഡ്മാൻ ജർമ്മൻ വിദേശകാര്യ മന്ത്രി അന്നലീന ബെയർബോക്കിനെ ചുംബിക്കാൻ ശ്രമിച്ചത് വിവാദത്തിൽ. ബെർനിൽ നടന്ന യൂറോപ്യൻ യൂണിയന്റെ സമ്മേളനത്തിനിടെ ആയിരുന്നു വിവാദ സംഭവം. വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയതോടെ സംഭവം വിവാദമായി.നവംബർ 2 ന് ബെർലിനിൽ നടന്ന യൂറോപ്യൻ യൂണിയൻ കോൺഫറൻസിന് ശേഷം ഗ്രൂപ്പ് ഫോട്ടോ എടുക്കുമ്പോഴായിരുന്നു സംഭവം.

65 വയസുകാരനായ ക്രൊയേഷ്യൻ വിദേശകാര്യ മന്ത്രി ഗോർഡൻ ഗ്രിലിക് റാഡ്മാൻ ആദ്യം വനിതാ മന്ത്രിക്ക് ഹസ്തദാനാം നൽകുന്നതും പിന്നീട് കവിളിൽ ചുംബിക്കാൻ ശ്രമിക്കുന്നതുമാണ് വീഡിയോയിലുള്ളത്. വനിതാ മന്ത്രി അന്നലീന ബെയർബോക്ക് പെട്ടെന്ന് മുഖം തിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.ചുംബന ശ്രമം വിവാദമായതോടെ വിമർശനം നേരിട്ട ക്രൊയേഷ്യൻ വിദേശകാര്യ മന്ത്രി ഗോർഡൻ ഗ്രിലിക് റാഡ്മാൻ ക്ഷമാപണം നടത്തിയതായി അന്താരഷ്ട്ര മാധ്യമം പൊളിറ്റിക്കോ റിപ്പോർട്ട് ചെയ്യുന്നു. ‘എന്താണ് പ്രശ്‌നമെന്ന് എനിക്കറിയില്ല. ഞങ്ങൾ എപ്പോഴും പരസ്പരം ഊഷ്മളമായി അഭിവാദ്യം ചെയ്യാറുണ്ട്. സഹപ്രവർത്തകരോടുള്ള ഊഷ്മളമായ മാനുഷികമായ സമീപനമാണ്. ആരെങ്കിലും അതിൽ മോശമായ എന്തെങ്കിലും കണ്ടെങ്കില്‍, ആ രീതിയിൽ കണ്ടവരോട് ക്ഷമ ചോദിക്കുന്നു’-

റാഡ്മാൻ പറഞ്ഞതായി ക്രൊയേഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ അന്നലീന ബെയർബോക്ക് തയാറായിട്ടില്ല.റാഡ്മാനെ വിമർശിച്ച് മുൻ ക്രൊയേഷ്യൻ പ്രധാനമന്ത്രി ജദ്രങ്ക കോസോർ സോഷ്യൽ മീഡിയയിൽ രംഗത്തെത്തി. അക്രമാസക്തമായ ചുംബനത്തെ അക്രമം എന്നല്ലേ വിളിക്കുക എന്നാണ് ജദ്രങ്കയുടെ ചോദ്യം. ക്രൊയേഷ്യൻ വനിതാവകാശ പ്രവർത്തക റാഡ ബോറികും മന്ത്രിയെ വിമര്‍ശിച്ചു. സംഭവം തികച്ചും അനുചിതമാണെന്നാണ് വിമര്‍ശനം. ചുംബനം അനുവദനീയമായ ബന്ധങ്ങളിലേ പാടുള്ളൂ. അത്തരമൊരു ബന്ധം ഇരുവര്‍ക്കും ഇടയിലില്ല. ജര്‍മന്‍ മന്ത്രി ആശ്ചര്യപ്പെട്ടെന്ന് വ്യക്തമാണെന്നും റാഡ ബോറിക് പ്രതികരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *