കെ കെ രമയെ സി പി ഐ എം പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തുവെന്ന വാര്‍ത്ത കെട്ടിച്ചമച്ചതും ആസൂത്രിതവും ആണെന്ന് സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. സമ്പൂര്‍ണ്ണമായ പരാജയഭീതിയിലായ യു ഡി എഫ് നേതൃത്വവും മാതൃഭൂമി ചാനലും രമയെ മുന്‍നിര്‍ത്തി നടത്തിയ നാടകമാണിത്. എന്താണ് യഥാര്‍ത്ഥത്തില്‍ വടകരയില്‍ സംഭവിച്ചത്. ഇന്ന് ഉച്ചക്ക് 12 മണിയോടെ രമയും സംഘവും മാതൃഭൂമി ചാനലുകാരുമായി നാരായണ നഗരത്തിലെ സിപിഐ എം പ്രവര്‍ത്തകനായ രാജന്റെ വീട്ടിലെത്തി കുടിക്കാന്‍ വെള്ളം ആവശ്യപെട്ടു. വീട്ടുകാര്‍ വെള്ളം നല്‍കുന്നത് ചാനലുകാരന്‍ ഷൂട്ട് ചെയ്യുന്നത് എന്തിനാണെന്നും രാഷ്ടീയക്കളിക്കാണോയെന്നും ചോദിച്ച വീട്ടുകാരോട് രമയുടെ കൂടെയുള്ളവര്‍ തട്ടിക്കയറുകയായിരുന്നു. തുടര്‍ന്നു നടന്ന വാക്ക് തര്‍ക്കമാണ് രമയ്ക്കതിരായ കയ്യേറ്റമെന്ന നിലയില്‍ വ്യാജ പ്രചരണം നടത്തുന്നത്.സംഭവം നടന്ന ഉടനെ രമയെ ആശുപത്രിയിലാക്കി സിപിഐ എം അക്രമമെന്ന് മുഖ്യമന്ത്രി പത്രസമ്മേളനം നടത്തിയതുള്‍പ്പെടെയുള്ള സംഭവങ്ങള്‍ നല്‍കുന്ന സൂചന ഇത് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയനുസരിച്ചുള്ള നാടകമാന്നെന്നാണ്.വടകരയില്‍ ഇടതു പക്ഷ സ്ഥാനാര്‍ത്ഥിയുടെ വിജയം സുനിശ്ചിതമായിരിക്കുന്ന സാഹചര്യത്തിലാണ് പരിഭ്രാന്തരായ യു ഡി എഫ് നേതാക്കള്‍ രമയെ ഇറക്കി വില കുറഞ്ഞ കളിയാരംഭിച്ചിരിക്കുന്നതെന്നും സ്വന്തം ഗോഡ്ഫാദര്‍ മാരുടെ അഭീഷ്ടമനുസരിച്ച് ആര്‍ എം പി നടത്തുന്ന നാടകങ്ങളെ ജനങ്ങള്‍ മനസിലാക്കുന്നുണ്ടെന്നും സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.മുഖ്യമന്ത്രി കോഴിക്കോട് ഉണ്ടായിരുന്ന ദിവസം ഗസ്റ്റ് ഹൗസില്‍ ചെന്ന് ആര്‍എംപി നേതാവ് കണ്ടത് എന്തിനായിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശമനുസരിച്ച് ആസൂത്രണം ചെയ്യപ്പെട്ടതാണ് വടകര സംഭവമെന്ന കാര്യത്തില്‍ ഈ സംശയമില്ലെന്ന് സെക്രട്ടറിയേറ്റ് വ്യക്തമാക്കി.













