സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി യോഗത്തിന് ഇന്ന് തുടക്കമാകും. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും നവ കേരള സദസുമായി ബന്ധപ്പെട്ട ചര്‍ച്ചകളുമാണ് യോഗത്തിന്റെ പ്രധാന അജണ്ട. നവ കേരള സദസ്സ് വലിയ വിജയമായിരുന്നു എന്നാണ് ഇന്നലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തിയത്. നവകേരള യാത്ര കൊണ്ട് തെരഞ്ഞെടുപ്പിന് മുന്‍പ് ഇടതുമുന്നണി സംവിധാനത്തെ ആകെ ചലിപ്പിക്കാനായി എന്നാണ് പാര്‍ട്ടി നിഗമനം.ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ചര്‍ച്ചകള്‍ രണ്ടുദിവസത്തെ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ഉണ്ടാകും.
എം.ടി വാസുദേവന്‍ നായരുടെ വിമര്‍ശനം, അയോധ്യ പ്രതിഷ്ഠയടക്കമുള്ള വിഷയങ്ങളും സംസ്ഥാന കമ്മിറ്റിയുടെ പരിഗണനക്ക് വരും.അതേസമയം എംടി വാസുദേവന്‍ നായരുടെ രാഷ്ട്രീയ വിമര്‍ശനത്തില്‍ ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്. എംടിയുടെ വാക്കുകളെ സിപിഐഎമ്മിനെതിരായ രാഷ്ട്രീയ ആയുധമാക്കുകയാണ് യുഡിഎഫും ബിജെപിയും .വിമര്‍ശനം ഏതെങ്കിലും വ്യക്തിയിലേക്ക് ചുരുക്കരുതെനന്നും രാഷ്ട്രീയക്കാര്‍ക്ക് മുഴുവന്‍ ബാധകമാണെന്നുമാണ് സാഹിത്യ ലോകത്തെ ഭൂരിപക്ഷം പേരുടെയും അഭിപ്രായം. എംടി ഇതേകാര്യം പൊതുസാഹചര്യത്തില്‍ മുന്‍പും പറഞ്ഞിട്ടുണ്ടെന്നും കക്ഷി ചേരേണ്ട കാര്യമില്ലെന്നുമാണ് സിപിഐഎം നിലപാട്.