സിപിഐ നേതാവും മുന്‍ മന്ത്രിയുമായ ഇ.ചന്ദ്രശേഖരനെ ആക്രമിച്ച കേസ്;കൂറുമാറിയ സംഭവം പരിശോധിക്കുമെന്ന് സിപിഎം


സിപിഐ നേതാവും മുന്‍ മന്ത്രിയുമായ ഇ.ചന്ദ്രശേഖരനെ ബിജെപി – ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ ആക്രമിച്ച്‌ കൈയ്യൊടിച്ച കേസിലെ കൂറുമാറ്റം പാര്‍ട്ടി പരിശോധിക്കുമെന്ന് സിപിഎം കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്‍.


കേസ് അട്ടിമറിക്കാന്‍ സിപിഎം ബിജെപിയെ സഹായിച്ചുവെന്നത് തെറ്റായ ആരോപണമാണ്. ജനങ്ങള്‍ ഇതൊന്നും വിശ്വസിക്കില്ല. വിഷയം മാധ്യമങ്ങളാണ്‌ ഊതിവീര്‍പ്പിച്ചത്. ഇക്കാര്യത്തിലെ സിപിഐയുടെ പ്രതികരണം അവരുടെ വ്യാഖ്യാനമാണെന്നും സിപിഎം കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി പറഞ്ഞു.


2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന്‍്റെ വോട്ടെണ്ണലിന് ശേഷം നടന്ന ആഹ്ളാദ പ്രകടനത്തിനിടെയാണ് കാഞ്ഞങ്ങാട് മാവുങ്കാലില്‍ വച്ച്‌ സംഘര്‍ഷമുണ്ടായത്. ആക്രമണത്തില്‍ ഇ.ചന്ദ്രശേഖരന്‍ എംഎല്‍എയുടെ ഇടത് കൈയ്ക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ ഈ കൈയ്യുമായാണ് ചന്ദ്രശേഖരന്‍ ഒന്നാം പിണറായി സര്‍ക്കാരില്‍ റവന്യൂ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

ചന്ദ്രശേഖരനൊപ്പം ആക്രമിക്കപ്പെട്ട സിപിഎം ജില്ലാ കമ്മിറ്റി അംഗവും കിനാനൂര്‍ – കരിന്തളം പഞ്ചായത്ത് പ്രസിഡന്‍്ററുമായിരുന്ന ടി.കെ രവി ഉള്‍പ്പെടെയുള്ള സാക്ഷികളാണ് കേസിന്‍്റെ വിചാരണയ്ക്കിടെ മൊഴി മാറ്റിയത്. ഇതോടെ തെളിവില്ലെന്ന് കണ്ട് കേസിലെ പ്രതികളെ കാഞ്ഞങ്ങാട് സെഷന്‍സ് കോടതി വിട്ടയച്ചിരുന്നു.



Sharing is Caring