ചൈനയില്‍ കോവിഡ് അതിവേഗം പടരുന്നു;രോഗികളെ പാർപ്പിക്കാന്‍ താത്കാലിക ക്വാറന്റൈന്‍ കേന്ദ്രം

ചൈനയിൽ കോവിഡ് അതിവേഗം പടരുന്ന സാഹചര്യത്തിൽ വൈറസ് ബാധിതരെ പാർപ്പിക്കാനായി വൻ തോതിൽ ക്വാറന്റൈൻ കേന്ദ്രങ്ങളും താത്കാലിക ആശുപത്രികളും നിർമിക്കുന്നതായി റിപ്പോർട്ടുകൾ. 13കോടി ജനങ്ങൾ താമസിക്കുന്ന നഗരമായ ഗ്വാങ്ഷുവിൽ രണ്ടര ലക്ഷം രോഗികളെ പാർപ്പിക്കാനുള്ള താത്കാലിക ക്വാറന്റൈൻ, ആശുപത്രി സൗകര്യങ്ങളുടെ നിർമാണമാണ് പുരോഗമിക്കുന്നത്. നഗരത്തിൽ വലിയ തോതിലാണ് വൈറസ് പടർന്നു പിടിക്കുന്നത്. ശനിയാഴ്ച മാത്രം ഗ്വാങ്ഷുവിൽ 7,000 പേർക്ക് രോഗം സ്ഥിരീകരിച്ചതായാണ് പുറത്തു വന്ന വിവരം.

താത്കാലിക ക്വാറന്റൈൻ കേന്ദ്രങ്ങളുടെയും നിർമാണം നടക്കുന്നവയുടേയും വീഡിയോ കിഴക്കൻ യൂറോപ്യൻ മാധ്യമമായ നെക്സ്റ്റ പുറത്തു വിട്ടിട്ടുണ്ട്. 80,000 പേരെ പാർപ്പിക്കാനുള്ള ക്വാറന്റൈൻ കേന്ദ്രമാണ് നിലവിൽ നിർമാണത്തിലുള്ളത്. കോവിഡ് പടരുന്ന സാഹചര്യത്തിലാണ് അടിയന്തരമായി താത്കാലിക ആശുപത്രികളും ഐസൊലേഷൻ സെന്ററുകളും ത്വരിത ഗതിയിൽ നിർമിക്കുന്നത്. രണ്ടര ലക്ഷം കിടക്കകളാണ് ഇത്തരത്തിൽ താത്കാലികമായി ഏർപ്പെടുത്തുന്നത്.

ഹെയ്‌സു നഗരത്തിൽ 95,300 പേരെ വൈറസ് ബാധയെ തുടർന്ന് ആശുപത്രി, ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി നേരത്തെ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു. ബെയ്ജിങ് അടക്കമുള്ള രാജ്യത്തെ മറ്റ് നഗരങ്ങളിലും കോവിഡ് പടർന്നു പിടിക്കുന്നുണ്ട്. ചോങ്ക്വിങ്, ഗ്വാങ്ഷു നഗരങ്ങളിലാണ് പുതിയതായി വൈറസ് ബാധ രൂക്ഷമായി പടരുന്നത്. ചൊവാഴ്ച രാജ്യത്ത് 38,645 പേരാണ് പുതിയ രോഗികൾ. 3,624 പേർക്ക് രോഗ ലക്ഷണങ്ങളുണ്ട്. 35,021 പേർക്ക് ലക്ഷണങ്ങളില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *