ഇ പി ജയരാജന് എതിരെ വധശ്രമത്തിനും, ഗൂഡാലോചനക്കും കേസെടുക്കാന്‍ കോടതി ഉത്തരവ്‌

മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് എതിരെ വധശ്രമത്തിനും ക്രിമനല്‍ ഗൂഡാലോചനക്കും കേസെടുക്കണമെന്ന് കോടതി ഉത്തരവ്.

വലിയതുറ പൊലീസിനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മുഖ്യമന്ത്രിയുടെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കെതിരെയും കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കി.

ഇ പി ജയരാജന് എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കേസില്‍ പ്രതികളായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.
പ്രതികളായ ഫര്‍സീന്‍ മജീദ് ആര്‍ കെ നവീന്‍കുമാര്‍ എന്നിവരാണ് ഹര്‍ജി നല്‍കിയത്.

അതേസമയം ഇ പി ജയരാജനെതിരെ കേസ് എടുക്കില്ലെന്ന് ഇന്നലെ മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു, മുഖ്യമന്ത്രിയെ ആക്രമിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രതികള്‍ വിമാനത്തില്‍ കയറിയത്.

പ്രതിഷേധക്കാരെ തടഞ്ഞ് മുഖ്യമന്ത്രിക്ക് സംരക്ഷണം ഒരുക്കുകയാണ് ഇ പി ജയരാജനും ഗണ്‍മാനും ചെയ്തത്. ഇവരുടെ അവസരോചിതമായ ഇടപെടല്‍ മൂലം അനിഷ്ടസംഭവങ്ങള്‍ ഉണ്ടായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇ പി ജയരാജന് എതിരെ കേസെടുക്കണമെന്ന് വി ഡി സതീശന്‍ ഉള്‍പ്പെടെ പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു

Spread the love

Leave a Reply

Your email address will not be published. Required fields are marked *