കാനഡയില്‍ കണ്‍വേര്‍ഷന്‍ തെറാപ്പി ഇനി നിയമവിരുദ്ധം

കാനഡയില്‍ കണ്‍വേര്‍ഷന്‍ തെറാപ്പി ഇനി നിയമവിരുദ്ധം. നിയമം ലംഘിച്ചാല്‍ അഞ്ചുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കും. എല്‍ജിബിടിക്യു വിഭാഗത്തില്‍പ്പെട്ട ആളുകളുടെ സെക്‌സ് ഓറിയന്റേഷന്‍, ജെന്‍ഡര്‍ ഐഡന്റിറ്റി, ജെന്‍ഡര്‍ എക്‌സ്പ്രഷന്‍ എന്നിവയില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനായി നടത്തുന്ന ചികിത്സയാണ് കണ്‍വേര്‍ഷന്‍ തെറാപ്പി. എല്‍ജിബിടിക്യു വിഭാഗത്തിന്റെ അവകാശങ്ങളും മനുഷ്യാവകാശങ്ങളാണെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ട്വീറ്റ് ചെയ്തു.

ഇതിനോടകം പന്ത്രണ്ടോളം രാജ്യങ്ങളിലാണ് കണ്‍വേര്‍ഷന്‍ തെറാപ്പി നിരോധിച്ചിട്ടുള്ളത്. കാനഡയില്‍ പുറത്തിറക്കിയ പുതിയ നിയമം പ്രകാരം കണ്‍വേര്‍ഷന്‍ തെറാപ്പിയെ പ്രോത്സാഹിപ്പിക്കുന്നത് നിയമവിരുദ്ധമാണ്. കണ്‍വേര്‍ഷന്‍ തെറാപ്പിയെ പ്രോത്സാഹിപ്പിക്കുന്നത്, പരസ്യം ചെയ്യുന്നത്, വ്യക്തിയെ തെറാപ്പിക്കുവേണ്ടി രാജ്യത്തിന് പുറത്തേക്ക് മാറ്റുന്നത്, ഇതില്‍ നിന്ന് ഏതെങ്കിലും തരത്തില്‍ സാമ്പത്തിക ലാഭം നേടുക തുടങ്ങിയവ നിയമവിരുദ്ധമാകും.

കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്ന നിയമമനുസരിച്ച് തെറാപ്പിക്ക് ആളുകളെ നിര്‍ബന്ധിതമാക്കാനും അനുവദിക്കില്ല. നിയമം ലംഘിച്ചാല്‍ അഞ്ചുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കും. 2021ല്‍ പാര്‍ലമെന്റില്‍ നിന്നും അനുമതി ലഭിച്ചതോടെയാണ് രാജ്യത്ത് ഈ പ്രക്രിയയുടെ നിരോധനത്തിന് കാരണമായത്. ഭരണപ്രതിപക്ഷ അംഗങ്ങള്‍ ഏകപക്ഷീയമായി നിയമത്തെ പിന്തുണക്കുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *