രാമക്ഷേത്രത്തിന്‍റെ ഉദ്ഘാടനത്തിന് സോണിയ ഗാന്ധിക്കും ക്ഷണം


ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്രത്തില്‍ നടക്കുന്ന പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് സോണിയാ ഗാന്ധിക്കും ക്ഷണം.അയോധ്യ ക്ഷേത്ര ട്രസ്റ്റ് പ്രതിനിധികള്‍ നേരിട്ടെത്തിയാണ് കോണ്‍ഗ്രസ് മുൻ ദേശീയ അധ്യക്ഷയെ ക്ഷണിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെയേയും മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെയും ക്ഷണിച്ചെന്ന് ട്രസ്റ്റ് പ്രതിനിധികള്‍ പറഞ്ഞു.


പ്രധാനമന്ത്രി നരേന്ദ്ര മോദി, ആര്‍എസ്‌എസ് സര്‍സംഘചാലക് മോഹൻ ഭഗവത്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ അയോധ്യ രാമക്ഷേത്രത്തിന്‍റെ ഉദ്ഘാടനത്തിന് എത്തും. ജനുവരി 22ന് രാമക്ഷേത്രത്തില്‍ ന‌ടക്കുന്ന പ്രതിഷ്ഠാ ചടങ്ങിന് അയോധ്യയില്‍ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്.


പ്രധാന ക്ഷേത്രങ്ങളായ കാശി വിശ്വനാഥ്, വൈഷ്ണോദേവി, മത, ഭരണഘടനാ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്.

ആത്മീയ നേതാവ് ദലൈലാമ, മാതാ അമൃതാനന്ദമയി, യോഗ ഗുരു ബാബാ രാംദേവ്, സിനിമാ താരങ്ങളായ രജനികാന്ത്, അമിതാഭ് ബച്ചൻ, മാധുരി ദീക്ഷിത്, അരുണ്‍ ഗോവില്‍, ചലച്ചിത്ര സംവിധായകൻ മധുര്‍ ഭണ്ഡാര്‍ക്കര്‍, പ്രമുഖ വ്യവസായികളായ മുകേഷ് അംബാനി, അനില്‍ അംബാനി, പ്രശസ്ത ചിത്രകാരൻ വാസുദേവ് കാമത്ത്, ഐഎസ്‌ആര്‍ ഒ ഡയറക്ടര്‍ നിലേഷ് ദേശായിയെയും ക്ഷണിച്ചിട്ടുണ്ട്.



Sharing is Caring