ഗോവ തെരഞ്ഞെടുപ്പിൽ പുതുമുഖങ്ങളെയും യുവാക്കളെയും മത്സരിപ്പിക്കുമെന്ന് കോൺഗ്രസ്

വരാനിരിക്കുന്ന ഗോവ തെരഞ്ഞെടുപ്പിൽ പുതുമുഖങ്ങളെയും യുവാക്കളെയും മത്സരിപ്പിക്കുമെന്ന് കോൺഗ്രസ്. സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ഈ മാസം അവസാനത്തോടെ പ്രഖ്യാപിക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ ഗിരീഷ് ചോദങ്കർ പറഞ്ഞു. അതേസമയം തെരഞ്ഞെടുപ്പിന് മുമ്പുള്ള സഖ്യത്തെക്കുറിച്ച് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല.

“തെരഞ്ഞെടുപ്പിന് മുന്നോടിയായി എ.ഐ.സി.സി സ്‌ക്രീനിംഗ് കമ്മിറ്റിയെ പ്രഖ്യാപിച്ചിരുന്നു. വരും ദിവസങ്ങളിൽ സ്ഥാനാർത്ഥി പട്ടിക പൂർത്തിയാക്കും. ഇതിനുള്ള നടപടികൾ ഊർജിതമാക്കി. കോൺഗ്രസിന്റെ 80 ശതമാനം സ്ഥാനാർത്ഥികൾ യുവാക്കളും പുതുമുഖങ്ങളുമായിരിക്കും” അദ്ദേഹം പറഞ്ഞു.

സ്ഥാനാർത്ഥികളെ തീരുമാനിക്കുമ്പോൾ പാർട്ടിയുടെ ബ്ലോക്ക് കമ്മിറ്റികളെ വിശ്വാസത്തിലെടുക്കും. അതത് മണ്ഡലങ്ങളിലെ ബ്ലോക്ക് കമ്മിറ്റികൾ ശുപാർശ ചെയ്യുന്ന സ്ഥാനാർത്ഥികൾക്ക് കൂടുതൽ പ്രാധാന്യം നൽകുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത വർഷം ഫെബ്രുവരിയിലാണ് ഗോവയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.

2017-ലെ ഗോവ നിയമസഭാ തെരഞ്ഞെടുപ്പിൽ, 40 അംഗ സഭയിൽ 17 സീറ്റുകൾ കോൺഗ്രസ് നേടിയിരുന്നു. ബിജെപി 13 സീറ്റിൽ ഒതുങ്ങി. എന്നാൽ അന്തരിച്ച മനോഹർ പരീക്കറുടെ കീഴിൽ സർക്കാർ രൂപീകരിക്കാൻ ബിജെപി പ്രാദേശിക പാർട്ടികളായ GFP, MGP എന്നിവയുമായി സഖ്യമുണ്ടാക്കിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *