ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് നിയമനത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി. സിൻഡിക്കേറ്റിൽ വിദേശ വിദ്യാഭ്യാസ റിക്രൂട്ട്‌മെന്റ് ഏജൻസിയായ സാന്‍റാമോണിക്കയുടെ ഡയറക്ടർ റെനി സെബാസ്റ്റ്യനെ നിയമിച്ചതിനെതിരെയാണ് പരാതി. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.വിദേശ വിദ്യാഭ്യാസ കൺസൾട്ടൻസിയായ സാന്‍റാമോണിക്ക മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് മാസപ്പടി നൽകുന്ന സ്ഥാപനമാണെന്ന് ആരോപങ്ങളുണ്ടെന്ന് പരാതിയിൽ പറയുന്നു.
ഡോ. പ്രേംകുമാർ രാജിവച്ച ഒഴിവിലേക്കാണ് റെനി സെബാസ്റ്റ്യനെ നിയമിച്ചത്. എന്നാൽ, ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതിനിധി എന്ന നിലയിലാണ് നിയമനം എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് പറയുന്നു.റെനി സെബാസ്റ്റ്യൻ കുസാറ്റിൽ പോസ്റ്റ് ഡോക്ടറൽ ഫെലോയാണെന്നും മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസമായിരുന്നു ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാലയിലെ പുതിയ രണ്ട് സിൻഡിക്കേറ്റ് നിയമനങ്ങൾ. റെനി സെബാസ്റ്റ്യനൊപ്പം എസ്എഫ്ഐ സംസ്ഥാന പ്രസിഡൻറ് കെ അനുശ്രീയെയാണ് സിൻഡിക്കേറ്റിലേക്ക് നിയമിച്ചത്.