കേരളത്തിലെ ഐടി പാർക്കുകളിൽ പബ്;ആലോചിക്കുമെന്ന് മുഖ്യമന്ത്രി

കേരളത്തിലെ ഐടി പാർക്കുകളിൽ പബ് പോലുള്ള സൗകര്യങ്ങൾ ഇല്ലാത്തത് പോരായ്മയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കമ്പനി പ്രതിനിധികൾ തയാറാക്കുന്ന റിപ്പോർട്ടിൽ പ്രധാന കുറവായി ചൂണ്ടിക്കാട്ടുന്നത് ഇതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ വൈൻ പാർലറുകൾ തുടങ്ങാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

കൊവിഡിൽ വ്യവസായങ്ങളെല്ലാം അടച്ച് പൂട്ടിയതോടെയാണ് വൈൻ പാർലർ സംബന്ധിച്ച തുടർ നടപടികൾ ഇല്ലാതായത്. കൊവിഡ് തീരുന്ന മുറയ്ക്ക് ഇക്കാര്യം ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് ആരോഗ്യത്തിന് ഹാനീകരമല്ലാത്ത വീര്യം കുറഞ്ഞ മദ്യം ഉല്പാദിപ്പിക്കുന്ന കാര്യം സർക്കാർ ആലോചനയിലുണ്ടെന്ന് എക്‌സൈസ് മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ നിയമസഭയിൽ പറഞ്ഞു. മലബാർ ഡിസ്റ്റിലറിയിലടക്കം സാധ്യതകൾ പരിശോധിക്കുന്നുണ്ട്. അന്തിമ തീരുമാനം എല്ലാവരുമായി ചർച്ച ചെയ്ത ശേഷം കൈക്കൊള്ളുമെന്നും മന്ത്രി വ്യക്തമാക്കി.

ചെറുപ്പക്കാർക്കിടയിലും വിദ്യാർഥികൾക്കിടയിലും ലഹരി മരുന്ന് ഉപയോഗം ശക്തിപ്പെടുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ലഹരി മരുന്ന് പ്രതികളെ ശരിയായ രീതിയിൽ കൈകാര്യം ചെയ്യുന്നുണ്ടെന്നും ഇതിൽ ക്യത്രിമം കാണിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ചരിത്രത്തിൽ ഉണ്ടായിട്ടില്ലാത്ത കേസുകളാണ് ഇപ്പോൾ കണ്ടെത്തുന്നതെന്നും മന്ത്രി പറഞ്ഞു. സിനിമാ മേഖലയിൽ മാത്രമല്ല ഈ പ്രവണത, പല മേഖലയിലെയും ബഹുമാന്യരായ ചിലർ ഇത്തരം കാര്യങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ ഡീ അഡിക്ഷൻ സെന്ററുകൾ ഫലപ്രദമായി മുന്നോട്ട് പോകുന്നുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള ഡീ അഡിക്ഷൻ സെന്റർ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്നുണ്ടെന്നും കോഴിക്കോട്, എറണാകുളം ജില്ലകളിൽ ഉടൻ ഇത് ആരംഭിക്കുമെന്നും മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ നിയമസഭയിൽ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *