തിരുവനന്തപുരം: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലുള്‍പ്പെട്ടത് എത്ര വലിയ മീനായാലും കേരളാ പൊലീസ് വലയിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ വ്യക്തമാക്കിയത് വെറുതെയല്ല. കുറ്റം ചെയ്തത് എത്ര വലിയ ആളായാലും അറസ്റ്റ് ചെയ്യുമെന്ന് വനിതാ സംഘടനാ നേതാക്കളുടെ യോഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
അന്വേഷണത്തിന് പൊലീസുകാര്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്ന് അന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇത് തന്നെയാണ് മലയാള സിനിമയിലെ ജനപ്രിയ താരമായിട്ടും അതൊന്നും തടസമാകാതെ പൊലീസിന് അന്വേഷണം മുന്നോട്ട് കൊണ്ടു പോവാനായത്. മലയാള സിനിമാ ചരിത്രത്തില്‍ ഇത് ആദ്യമായാണ് ഒരു സിനിമാ താരത്തെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഇടതുപക്ഷത്തുള്ള രണ്ട് എം.എല്‍.എമാരും ഒരു എം.പിയും താരസംഘടനയുടെ തലപ്പത്തുണ്ടായിട്ടും ദിലീപിനെ അറസ്റ്റ് ചെയ്തത് സര്‍ക്കാരിന്റെ വിജയമാണെന്ന് തന്നെയാണ് പൊതുവെയുള്ള വിലയിരുത്തല്‍.

നടിയെ ആക്രമിച്ച പ്രതികളെ പൊലീസ് വൈകാതെ പിടികൂടിയിരുന്നെങ്കിലും ഗൂഢാലോചന കണ്ടെത്താനായിരുന്നില്ല. നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനയില്ലെന്നായിരുന്നു മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ കേസില്‍ പുതിയ വഴിത്തിരിവുകള്‍ ഉണ്ടായ സാഹചര്യത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിരുന്നു.













