തിരുവനന്തപുരം: സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ക്ഷേമത്തിനും പൊതുജനോപകാരപ്രദമായ സാമൂഹികോന്നമന പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി പൊതുജനപങ്കാളിത്തത്തോടെ
ഫണ്ട് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ”മുഖ്യമന്ത്രിയുടെ ജനസാന്ത്വന ഫണ്ട്”എന്ന പേരിലുള്ള പദ്ധതിയിലൂടെ ജനക്ഷേമവും അടിസ്ഥാനസൗകര്യ വികസനവും ഏകോപിപ്പികുക എന്നതാണ് ഉദ്ദേശമെന്നും മുഖ്യമന്ത്രി ഫെയ്‌സ് ബുക്ക് പേജിൽ കുറിച്ചു.
ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ അടിയന്തരമായി നടപ്പിലാക്കേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുവാനും, പൊതുജീവിതത്തിന് അത്യന്താപേക്ഷിതമായ പൊതുസ്ഥാപനങ്ങളുടെ അടിയന്തരമായ പുനഃരുദ്ധാരണത്തിനും ജനസാന്ത്വന ഫണ്ടില്‍ നിന്നും ധനസഹായം ലഭ്യമാക്കും.സാമ്പത്തിക പ്രശ്നങ്ങളില്‍ ജീവിതം വഴിമുട്ടിയവര്‍ക്കും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് തൊഴില്‍ പരിശീലനത്തിനും സഹായം ലഭ്യമാക്കും. ജനസാന്ത്വന ഫണ്ടില്‍ നിന്നും ധനസഹായം ലഭിക്കുന്നതിനായി സര്‍ക്കാരിലേക്ക് നേരിട്ട് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കുവേണ്ടി അവരെ സംബന്ധിച്ച് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ സര്ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തിയും, ധനസഹായത്തിനായി അപേക്ഷിക്കാവുന്നതാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.

നിരവധി പേരാണ് മുഖ്യമന്ത്രിയുടെ പുതിയ പദ്ധതിയ്ക്ക് ആശംസകളറിയിച്ച് രംഗത്തെത്തിയത്. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് ലക്ഷണങ്ങൾ മുടക്കി ജനസമ്പർക്ക പരിപാടി നടത്തിയവർ കണ്ടു പഠിക്കട്ടെ. സാധാരണക്കാർക്ക് അപ്രാപ്യമാവുകയാണ് നമ്മുടെ വിദ്യാഭ്യാസ, ആരോഗ്യ മേഖലകൾ. ഈ മേഖലയിൽ ജനകീയ സർക്കാർ നടത്തുന്ന ഇടപെടലുകൾ സാധാരണക്കാരന് ഏറെ ആശാവഹമാണ്. സാധാരണക്കാരന്റെ ഉന്നമനത്തിനായി ജനകീയ സർക്കാർ നടപ്പിലാക്കുന്ന നടപടികൾക്ക് എല്ലാ പിന്തുണയും അർപ്പിക്കുന്നു തുടങ്ങിയ നിരവധി കമൻറുകളും കുറിപ്പിന് ലഭിച്ചിട്ടുണ്ട്. ഒരു കോടിയിലേറെ പേരുടെ ശ്രദ്ധ പിടിച്ച ഈ കുറിപ്പ് ഇതിനോടകം 207 പേർ ഷെയർ ചെയ്തിട്ടുണ്ട്.
ഫെയ്‌സ് ബുക്ക് കുറിപ്പിൻറെ പൂർണ്ണ രൂപം :
സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ക്ഷേമത്തിനും പൊതുജനോപകാരപ്രദമായ സാമൂഹികോന്നമന പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി പൊതുജനപങ്കാളിത്തത്തോട് കൂടിയുള്ള ഒരു ഫണ്ട് ആരംഭിക്കുകയാണ്. ”മുഖ്യമന്ത്രിയുടെ ജനസാന്ത്വന ഫണ്ട്”. ജനക്ഷേമവും അടിസ്ഥാനസൗകര്യ വികസനവും ഏകോപിപ്പികുക എന്നതാണ് ഈ ഫണ്ടിന്‍റെ പ്രാഥമികമായ ഉദ്ദേശം.
ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ അടിയന്തരമായി നടപ്പിലാക്കേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുവാനും അതുപോലെ തന്നെ പൊതുജീവിതത്തിന് അത്യന്താപേക്ഷിതമായ പൊതുസ്ഥാപനങ്ങളുടെ അടിയന്തരമായ പുനഃരുദ്ധാരണം നടപ്പിലാക്കുവാനും മുഖ്യമന്ത്രിയുടെ ജനസാന്ത്വന ഫണ്ടില്‍ നിന്നും ധനസഹായം ലഭ്യമാക്കും. സാമ്പത്തിക പ്രശ്നങ്ങളില്‍ ജീവിതം വഴിമുട്ടിയവര്‍ക്കും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് ഉപജീവനത്തിനായി തൊഴില്‍ പരിശീലനത്തിനും സമാശ്വാസധനഹായം ലഭ്യമാക്കും. തൊഴില്‍ ചെയ്ത് ജീവിക്കുവാന്‍ കഴിയാത്തവര്‍ക്കും പല രീതികളില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട് ഒറ്റപ്പെട്ട് ജീവിക്കുന്നവരുമായ വ്യക്തികള്‍ക്കും മുഖ്യമന്ത്രിയുടെ ജനസാന്ത്വനഫണ്ടുപയോഗിച്ച് സഹായം നല്‍കും.
പൊതുജനങ്ങള്‍, സന്നദ്ധസംഘടനകള്‍, സാമൂഹികപ്രവര്‍ത്തനത്തില്‍ താല്പര്യമുള്ള സ്ഥാപനങ്ങള്‍ മുതലായവരുടെ സഹകരണത്തോടെയായിരിക്കും മുഖ്യമന്ത്രിയുടെ ജനസാന്ത്വനഫണ്ട് സ്വരൂപിക്കുക. നിര്‍മാണം, അറ്റകുറ്റപ്പണി എന്നിവയ്ക്ക് മൂന്നുലക്ഷം രൂപ വരെയും, വൃദ്ധജനങ്ങളുടെയും പുറമ്പോക്കില്‍ താമസിക്കുന്നവരുടെയും പുനഃരധിവാസത്തിന് രണ്ടുലക്ഷം രൂപ വരെയും, സാമ്പത്തികപ്രശ്നങ്ങളാല്‍ ജീവിതം വഴിമുട്ടിയവര്‍ക്ക് ഒരുലക്ഷം രൂപ വരെയും, മറ്റ് സമാശ്വാസ ധനസഹായമായി പതിനായിരം രൂപ വരെയും മന്ത്രിസഭയുടെ അനുമതിയോടെ അനുവദിക്കുന്നതായിരിക്കും.
മുഖ്യമന്ത്രിയുടെ ജനസാന്ത്വന ഫണ്ടില്‍ നിന്നും ധനസഹായം ലഭിക്കുന്നതിനായി സര്‍ക്കാരിലേക്ക് നേരിട്ട് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കുവേണ്ടി അവരെ സംബന്ധിച്ച് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ സര്ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തിയും, ആര്‍ക്കുവേണമെങ്കിലും, ധനസഹായത്തിനായി അപേക്ഷിക്കാവുന്നതാണ്.













