മുഖ്യമന്ത്രിക്കെതിരെ നടന്നത് വധശ്രമം തന്നെ; പാര്‍ട്ടി മുഖപത്രത്തിൽ ലേഖനവുമായി കോടിയേരി

മുഖ്യമന്ത്രിക്കെതിരെ നടന്നത് വധശ്രമം തന്നെയാണെന്ന് വിശദീകരിച്ച് പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ലേഖനം. ഇപി ജയരാജനും സുരക്ഷാ ജീവനക്കാരും തടഞ്ഞതിനാലാണ് മുഖ്യമന്ത്രിയെ തൊടാന്‍ കഴിയാതിരുന്നതെന്ന് ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രിയുടെ സഞ്ചാരസ്വാതന്ത്ര്യം തടയുന്ന ഒന്നും അനുവദിക്കില്ല. പൊലീസും, ഏജന്‍സികളും മുഖ്യമന്ത്രിയുടെ സുരക്ഷ ഒരുക്കുക തന്നെ ചെയ്യും. ആക്രമികള്‍ പാഞ്ഞടുത്തത് മുഖ്യമന്ത്രി വിമാനത്തില്‍ ഉള്ളപ്പോള്‍ തന്നെയാണെന്നും കോടിയേരി പറയുന്നു.

പ്രതിഷേധിക്കാനായി മൂന്നു പേര്‍ വിമാനത്തില്‍ കയറുന്ന കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ അറിഞ്ഞിരുന്നായി കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു. ഇവരെ തടയേണ്ട എന്ന് മുഖ്യമന്ത്രി തന്നെയാണ് നിര്‍ദ്ദേശിച്ചത്. മുഖ്യമന്ത്രി വിമാനത്തില്‍ നിന്ന് ഇറങ്ങിയ ശേഷമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചതെന്നും കോടിയേരി അഭിപ്രായയപ്പെട്ടിരുന്നു. കോഴിക്കോട് പുറമേരിയില്‍ നടന്ന ചടങ്ങിലായിരുന്നു കോടിയേരിയുടെ ഈ പരാമര്‍ശം. ഈ നിലപാട് തിരുത്തുന്നതാണ് പുതിയ ദേശാഭിമാനി ലേഖനം.

മുഖ്യമന്ത്രിക്ക് എതിരായ തിരുവനന്തപുരം വിമാനത്താവളത്തിലെ പ്രതിഷേധത്തില്‍ ഇന്‍ഡിഗോ എയര്‍പോര്‍ട്ട് മാനേജര്‍ റ്റി.വി വിജിത്ത് നല്‍കിയ റിപ്പോര്‍ട്ട് പച്ചക്കള്ളമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചിരുന്നു. ഇക്കാര്യം വ്യക്തമാക്കി ഇന്‍ഡിഗോ ദക്ഷിണേന്ത്യന്‍ മേധാവിക്ക് അദ്ദേഹം കത്തുനൽകി. രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പൊലീസിന് നല്‍കിയത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ച ഇ.പി ജയരാജന്റെ പേര് പോലും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കാത്തത് ഏറെ ദുരൂഹമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

വിമാനത്തില്‍ മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്ന ഇ.പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞതും സി.പി.ഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസംഗിച്ചതും മുഖ്യമന്ത്രി വിമാനത്തില്‍ നിന്ന് ഇറങ്ങിയ ശേഷം പ്രതിഷേധം നടന്നുവെന്നാണ്. ഈ സാഹചര്യത്തിലാണ് എയര്‍പോര്‍ട്ട് മാനേജരുടെ റിപ്പോര്‍ട്ടില്‍ വിശദ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഇന്‍ഡിഗോ ദക്ഷിണേന്ത്യന്‍ മേധാവി വരുണ്‍ ദേവേദിക്ക് പ്രതിപക്ഷ നേതാവ് രേഖാമൂലം പരാതി നല്‍കിയത്.

യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം നടന്നത് മുഖ്യമന്ത്രി വിമാനത്തിൽ ഉള്ളപ്പോഴാണെന്ന് ഇൻഡിഗോ എയർലൈൻസ് വ്യക്തമാക്കിയിരുന്നു. വിമാനക്കമ്പനി പൊലീസിന് നൽകിയ കത്തിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു. മുഖ്യമന്ത്രിക്ക് നേരെ മുദ്രാവാക്യങ്ങളും മോശം ഭാഷയും ഉപയോഗിച്ച് പാഞ്ഞടുത്തുവെന്ന് കത്തിൽ വിശദീകരിക്കുന്നു. എന്നാൽ ഇ പി ജയാരാജന്റെ പേര് കത്തിൽ പരാമർശിച്ചിട്ടില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *