ചിന്നക്കനാല്‍ സഹകരണ ബാങ്കിനെതിരേ അഴിമതി ആരോപണം; എല്‍ഡിഎഫ് ഭരണസമിതിക്കെതിരേ സി.പി.ഐ. അംഗങ്ങള്‍

ഇടുക്കി: ചിന്നക്കനാൽ സർവീസ് സഹകരണ ബാങ്കിനെതിരേ അഴിമതി ആരോപണം. എൽഡിഎഫ് ഭരിക്കുന്ന ബാങ്കിനെതിരേ സി.പി.ഐ. നേതാക്കൾ തന്നെയാണ് ആരോപണവുമായി രംഗത്തെത്തിയിട്ടുളളത്. വ്യാജപട്ടയത്തിന്മേൽ ബാങ്ക് ലോൺ നൽകിയത് അടക്കമുള്ള നിരവധി ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടിരിക്കുന്നത്. ആരോപണങ്ങൾക്ക് മറുപടി നൽകണമെന്ന് സിപിഐ അംഗങ്ങൾ ബാങ്ക് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ബാങ്കിന്റെ ദൈനംദിന പ്രവർത്തനം സംബന്ധിച്ചും ബാങ്കിലെ ജീവനക്കാരുടെ എണ്ണം, വേതനം എന്നിവ സംബന്ധിച്ചും സി.പി.ഐ. അംഗങ്ങൾ സംശയങ്ങൾ ഉന്നയിക്കുന്നുണ്ട്. മൗണ്ട് വ്യൂ എന്ന പേരിൽ ബാങ്ക് ചിന്നക്കലാലിൽ ഒരു റിസോർട്ട് നടത്തുന്നുണ്ട്. ഇതിന്റെ ദൈനംദിന പ്രവർത്തനം, എത്ര തുക വരുമാനം ലഭിക്കുന്നുണ്ട്, റിസോർട്ടിന്റെ നിർമാണത്തിനും ഇത് വിലയ്ക്ക് വാങ്ങുന്നതിനും എത്ര തുക ചെലവായി എന്നതുൾപ്പടെയുളള ഒമ്പതോളം ചോദ്യങ്ങളാണ് സെക്രട്ടറിയോട് ഭരണസമിതി അംഗങ്ങൾ തന്നെ ഉന്നയിച്ചിരിക്കുന്നത്.

ബാങ്കിന്റെ പേരിൽ ഒരു പെട്രോൾ പമ്പ് നടത്താൻ ഉദ്ദേശിച്ചിരുന്നു. ആ സ്ഥലവുമായി ബന്ധപ്പെട്ടുള്ള ചില പ്രശ്നങ്ങളും അംഗങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്. വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയാത്ത ഭൂമിയാണിതെന്ന് ജില്ലാ കളക്ടർ കണ്ടെത്തുകയും അപേക്ഷ നിരസിക്കുകയും ചെയ്തിരുന്നു. അതിനാൽ തന്നെ ഈ പെട്രോൾ പമ്പിനായി ചെലവാക്കിയ തുക എത്ര, അതുമായി ബന്ധപ്പെട്ട് ക്രമക്കേടുകൾ നടന്നിട്ടുണ്ടോ എന്നതുൾപ്പടെയുളള കാര്യങ്ങളാണ് സി.പി.ഐ. അംഗങ്ങൾ ചോദിച്ചിരിക്കുന്നത്. പത്തുമാസം മുമ്പാണ് ഇതുസംബന്ധിച്ച കത്ത് അംഗങ്ങൾ സെക്രട്ടറിക്ക് നൽകിയത്.

ഉന്നയിച്ച ചോദ്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ ഉടൻ ലഭ്യമാക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. എന്നാൽ ഇതുവരെ സെക്രട്ടറി മറുപടി നൽകിയിട്ടില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *