ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന ഇന്ത്യന്‍ സംസ്ഥാനമായ അരുണാചല്‍ പ്രദേശില്‍ കൂടുതല്‍ അവകാശവാദങ്ങളുമായി ചൈന. അതിര്‍ത്തി പ്രദേശങ്ങളെ ചൊല്ലിയുള്ള തര്‍ക്കം നിലനില്‍ക്കുന്നതിനിടയില്‍ സ്ഥലങ്ങളുടെ പേര് മാറ്റിയുള്ള നാലാമത്തെ പട്ടികയും ചൈന പുറത്തുവിട്ടു. പുതിയ പട്ടിക അനുസരിച്ച് 30 സ്ഥലങ്ങളുടെ പേരുകളാണ് മാറ്റിയിട്ടുള്ളത്.അതേസമയം ചൈന സ്ഥലങ്ങളുടെ പേര് മാറ്റിയ നടപടിയെ തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം രംഗത്ത് വന്നിട്ടുണ്ട്.
അരുണാചല്‍ പ്രദേശ് എന്നും ഇന്ത്യയുടെ അഭിവാജ്യ ഘടകമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. നിങ്ങളുടെ വീടിന്റെ പേര് താന്‍ മാറ്റിയാല്‍ അത് തന്റേതാകുമോ എന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ചോദിച്ചു.അരുണാചല്‍ പ്രദേശ് എന്നും ഇന്ത്യയുടെ സംസ്ഥാനമായിരിക്കും. പേരുകള്‍ മാറ്റുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ല. യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.
12 പര്‍വതങ്ങള്‍, നാല് നദികള്‍, ഒരു തടാകം, ഒരു ചുരം, 11 താമസ സ്ഥലങ്ങള്‍, ഒരു ഭൂപ്രദേശം എന്നിവയുടെ പേരുകളാണ് ചൈന മാറ്റിയത്.ഇന്ത്യന്‍ ഭൂപ്രദേശങ്ങളുടെ പേരുകള്‍ മാറ്റാന്‍ ചൈന നേരത്തെയും ശ്രമിച്ചിരുന്നു. ആറ് സ്ഥലങ്ങളുടെ പേരുകള്‍ മാറ്റി 2017ല്‍ ചൈന ആദ്യ പട്ടിക പുറത്തുവിട്ടിരുന്നു. തുടര്‍ന്ന് 2021ല്‍ 15 സ്ഥലങ്ങളുടെയും, 2023ല്‍ 11 സ്ഥലങ്ങളുടെയും പേരുകള്‍ മാറ്റി ചൈന പട്ടിക പുറത്തുവിട്ടിരുന്നു.